കൊല്ലം: വിവാഹച്ചടങ്ങിനിടെ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കൊല്ലം മയ്യനാട് താന്നിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.
കായലിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ സത്കാരം നടന്നത്. കായലിനരികിലിരുന്ന് മദ്യപിച്ച യുവാക്കള്‍ തമ്മില്‍ തർക്കമുണ്ടാവുകയും ചേരിതിരിഞ്ഞ് തമ്മില്‍ത്തല്ലുകയുമായിരുന്നു.
താന്നി പാലത്തിന് സമീപത്തെ ബോട്ട് ജെട്ടിക്ക് സമീപവും കായലിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ചിലർ കായലില്‍ ഇറങ്ങിയും അടികൂടി. തർക്കം പരിഹരിക്കാനെത്തിയ നാട്ടുകാർക്കും വഴിയാത്രക്കാർക്കും മർദ്ദനമേറ്റു. നാട്ടുകാരില്‍ ചിലർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് യുവാക്കള്‍ പിന്മാറിയത്.
തമ്മില്‍ത്തല്ലിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഇരവിപുരം പൊലീസ് അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.






