കോട്ടയം: കെ.എസ്.ആര്.ടി.സി. പ്രിയദര്‍ശിനി പദ്ധതി മൂന്നു മാസത്തിലേക്കു കടക്കവേ, ജില്ലയില്‍ 30 ശതമാനം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തേണ്ട അവസ്ഥയില്‍.
ചെലവിനുള്ള പണം പോലും ലഭിക്കാതെ ഓരോ ദിനവും സര്‍വീസ് പൂര്‍ത്തീകരിക്കേണ്ട അവസ്ഥയിലാണ് ബസ് ഉടമകള്‍. പ്രിയദര്‍ശിനി ആഘാതത്തില്‍ കുടുങ്ങിയ സ്വകാര്യ ബസ് മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും പ്രത്യക്ഷത്തില്‍ ഗുണകരമാകുന്നവ ഒന്നുമില്ലെന്ന് ഉടമകള്‍ പറയുന്നു.വൈക്കം മേഖലയിലെ സ്വകാര്യ ബസ് സര്‍വീസുകള്‍ക്കാണ് പ്രിയദര്‍ശിനി പദ്ധതി ഏറ്റവും കൂടുതല്‍ തിരിച്ചടിയായത്. വൈക്കം - എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞു.
കോട്ടയത്തു നിന്നു കുമളി, ഏറ്റുമാനൂര്‍, ഏറ്റുമാനൂര്‍ വഴി പാലാ, ചങ്ങനാശേരി, കല്ലറ, ചേര്‍ത്തല റൂട്ടുകളിലും സ്വകാര്യ ബസുകളുടെ വരുമാന ചോര്‍ച്ച ഏറി. പാലാ - പൊന്‍കുന്നം, പാലാ - തൊടുപുഴ, ഈരാറ്റുപേട്ട റൂട്ടുകളിലും ഈരാറ്റുപേട്ട, എരുമേലി പ്രദേശങ്ങളിലെ ഗ്രാമീണ റൂട്ടുകളിലും സ്വകാര്യ ബസുകള്‍ക്കു പ്രിയദര്‍ശിനി സര്‍വീസ് തിരിച്ചടിയായിരിക്കുകയാണ്.
ആദ്യ ഘട്ടത്തിലെ സ്വീകാര്യതയ്ക്കു ശേഷം കെ.എസ്.ആര്.ടി.സി. പദ്ധതിയില്‍ ഉഴപ്പു കാണിക്കുമെന്നും വരുമാനം തിരിച്ചുവരുമെന്നുമായിരുന്നു സ്വകാര്യ ബസ് ഉടമകളുടെ പ്രതീക്ഷ. എന്നാല്‍, പദ്ധതി ഹിറ്റായതോടെ ഒരു സര്‍വീസ് പോലും മുടക്കാതെ കെ.എസ്.ആര്.ടി.സി. പിന്തുണ നല്കി.ഒപ്പം കൂടുതല്‍ റൂട്ടില്‍ പ്രിയദര്‍ശിനി സര്‍വീസ് ആരംഭിക്കുക കൂടി ചെയ്തതോടെ സ്വകാര്യ ബസുകളുടെ വരുമാനം പിന്നെയും കുറഞ്ഞു.
പ്രിയദര്‍ശിനി സര്വീസുകളെത്തുടര്ന്ന് 500 മുതല്‍ 5000 രൂപ വരെ വരുമാന നഷ്ടമുണ്ടായ സ്വകാര്യ ബസുകള്‍ ജില്ലയിലുണ്ട്. സര്‍വീസ് നഷ്ടമില്ലാതെ തുടരാന്‍ ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്ന പ്രതീക്ഷയില്‍ നഷ്ടം സഹിച്ചും ഓരോ ദിവസവും സര്‍വീസ് നടത്തുകയാണു പല സ്വകാര്യ ബസ് ഉടമകളും.






