.വെച്ചൂർ: പഞ്ചായത്ത് ആറാം വാർഡില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട മഞ്ചാടിക്കരി നിവാസികളുടെ ദീർഘകാല ആവശ്യം കണക്കിലെടുത്ത് വാഹന ഗതാഗതയോഗ്യമായ പാലം നിർമിക്കണമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പിഡബ്ല്യു ഡിഎഞ്ചിനിയറിംഗ് വിഭാഗം സ്ഥലത്തെത്തി സാധ്യതാപഠനം നടത്തി.
അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ പി. ആർ. രശ്മിരാജ്, അസിസ്റ്റന്റ് എഞ്ചിനീയർ അഞ്ജു മോഹനൻ, ഓവർസീയർ ശ്രീലത മോഹനൻ എന്നിവർ ഉള്‍പ്പെട്ട സംഘമാണ് സാധ്യതാപഠനത്തിനായി കൈപ്പുഴ മുട്ടില്‍ എത്തിയത്.
കൈപ്പുഴമുട്ടില്‍ നിന്ന് മഞ്ചാടികരിയിലേയ്ക്ക് എത്താൻ ഒരുവശത്ത് ഗതാഗതയോഗ്യമായ റോഡുണ്ട്. കൈപ്പുഴയാറും ഇടയാറും അതിരിരുന്ന മഞ്ചാടിക്കരിയിലെ പാടശേഖരങ്ങളോട് ചേർന്ന് നിർധന കുടുംബങ്ങളാണ് താമസിക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് ഇവിടെ പാലം നിർമിക്കാൻ പ്രാരംഭ നടപടികള്‍ ആരംഭിച്ചെങ്കിലും സാങ്കേതികത്വത്തില്‍ കുടുങ്ങി മുടങ്ങി.
വെച്ചൂർപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഅജി , വൈസ് പ്രസിഡന്റ് എൻ. അഭിഷേക്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലൈജുകുഞ്ഞുമോൻ , വാർഡ് മെംബർ മോഹൻദാസ് വെച്ചൂർ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ 16ന് നടത്താൻ നിശ്ചയിച്ചിരുന്ന കടത്തു ചങ്ങാടത്തിന്റെ ഉദ്ഘാടനം പ്രദേശവാസി കളുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് ആറാം വാർഡ് മെംബർ മോഹൻദാസ് വെച്ചൂർ പറഞ്ഞു.





