ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ സാഹചര്യങ്ങളെക്കുറിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രസ്താവനയില്‍ പ്രതികരണവുമായി ജി.
സുധാകരൻ എംഎല്‍എ. ഐസക്കിന് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്നും യാഥാർഥ്യം പറയുന്നവരെ ചീത്ത വിളിച്ചതുകൊണ്ട് കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിന് നേതൃദാരിദ്ര്യമാണെന്നും തെറ്റുതിരുത്താൻ പാർട്ടിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം വിമർശിച്ചു.
ആലപ്പുഴയിലെ പാർട്ടിയെ നയിക്കുന്നത് സജി ചെറിയാനാണ്. പിന്നെ എങ്ങനെയാണ് പാർട്ടി നന്നാകുകയെന്നും സുധാകരൻ ചോദിച്ചു. കോണ്‍ഗ്രസിനെയും അദ്ദേഹം വിമർശിച്ചു. രമേശ് ചെന്നിത്തല പ്രസംഗിക്കുന്ന വേദിയില്‍ മയക്കുമരുന്ന് കച്ചവടത്തിന് ഒത്താശ ചെയ്യുന്നയാള്‍ ഉണ്ടാകുന്നത് കോണ്‍ഗ്രസിന്റെ അവസ്ഥയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രബാബുവിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
അതേസമയം, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച പരാമർശത്തിലും സുധാകരൻ നിലപാട് വ്യക്തമാക്കി. പറയാൻ പാടില്ലാത്ത കാര്യമാണ് കാന്തപുരം പറഞ്ഞതെങ്കിലും മാധ്യമങ്ങള്‍ അത് വളച്ചൊടിച്ചെന്നും അദ്ദേഹം ആരോപിച്ചു. കാന്തപുരം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും സുധാകരൻ പറഞ്ഞു.
പരാമർശം സമുദായത്തിലെ സ്ത്രീകളെ സംബന്ധിച്ചുള്ളതാണെന്നും അതിന് മുസ്ലിം സമുദായത്തില്‍നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. പാർട്ടിക്കുള്ളിലെ നേതൃത്വ പ്രതിസന്ധിയെയും രാഷ്ട്രീയ സാഹചര്യങ്ങളെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്.






