മുംബൈ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹാല്‍.
ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുകയെന്ന തന്റെ ദീർഘകാല സ്വപ്നം ഇനി യാഥാർത്ഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞാണ് 36-കാരനായ ചാഹല്‍ ഈ തീരുമാനത്തിലെത്തിയത്.
അതേസമയം, പരിമിത ഓവർ (വൈറ്റ് ബോള്‍) ക്രിക്കറ്റില്‍ തുടരുമെന്നും ഇന്ത്യക്കായി വീണ്ടും കളിക്കാനുള്ള പോരാട്ടം തുടരുമെന്നും ചാഹല്‍ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയാണ് ചാഹല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. കൗണ്ടി ചാമ്പ്യൻഷിപ്പില്‍ നോർത്താംപ്ടണ്‍ഷെയറിനായി ലോർഡ്സില്‍ മിഡില്‍സെക്സിനെതിരെ കളിച്ച മത്സരമാണ് തന്റെ അവസാന ഫസ്റ്റ് ക്ലാസ് പോരാട്ടമെന്ന് ചാഹല്‍ കുറിച്ചു. പത്തു വയസുള്ളപ്പോഴാണ് ഞാൻ ആദ്യമായി ഒരു റെഡ് ബോള്‍ കയ്യിലെടുക്കുന്നത്. അന്ന് ഈ കളിയോട് ഇത്രമേല്‍ പ്രണയത്തിലാകുമെന്ന് കരുതിയിരുന്നില്ല. ക്ഷമയും പ്രതിരോധവും മണിക്കൂറുകളോളം ക്രീസില്‍ പോരാടാനുള്ള കരുത്തും എന്നെ പഠിപ്പിച്ചത് റെഡ് ബോള്‍ ക്രിക്കറ്റാണ്. ഇന്ത്യക്കായി ടെസ്റ്റ് ക്യാപ് അണിയുക എന്നത് എന്നും എന്റെ സ്വപ്നമായിരുന്നു. അത് നടന്നില്ലെങ്കിലും റെഡ് ബോള്‍ നല്കിയ ഓർമ്മകളില്‍ ഞാൻ സംതൃപ്തനാണ്.
പക്ഷേ, എന്നിലെ പോരാട്ടം ഇവിടെ അവസാനിച്ചിട്ടില്ല രാജ്യത്തിനായി ഏകദിനത്തിലും ടി20യിലും തിരിച്ചെത്താനുള്ള ദാഹം എന്നില്‍ ഇപ്പോഴുമുണ്ടെന്ന് ചാഹല്‍ കുറിച്ചു. തന്റെ വളർച്ചയില്‍ പങ്കുവഹിച്ച ഹരിയാന ക്രിക്കറ്റ് അസോസിയേഷനും ഭാരവാഹികള്‍ക്കും നന്ദി അറിയിച്ചാണ് ചാഹല്‍ കുറിപ്പ് അവസാനിപ്പിച്ചത്.
2009-ല്‍ ഹരിയാനയ്ക്കായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ചാഹല്‍, 49 മത്സരങ്ങളില്‍ നിന്നായി 32.27 ശരാശരിയില്‍ 148 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇംഗ്ലീഷ് കൗണ്ടിയില്‍ നോർത്താംപ്ടണ്‍ഷെയറിനായി മിന്നുന്ന പ്രകടനം പുറത്തെടുത്ത താരം അവസാന സീസണില്‍ 16.14 ശരാശരിയില്‍ 21 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇന്ത്യക്കായി 72 ഏകദിനങ്ങളിലും 80 ടി20 കളിലും പന്തെറിഞ്ഞ ചാഹല്‍, 2024-ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. 2023 ഓഗസ്റ്റിലാണ് ചാഹല്‍ അവസാനമായി ഇന്ത്യൻ കുപ്പായത്തില്‍ കളിച്ചത്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് താരമായ ചാഹല്‍ ലീഗിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളർ കൂടിയാണ്.






