പാലോട്: നന്ദിയോട് ചെറുകിട കച്ചവടം നടത്തിയിരുന്ന യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. മുളമുട്ടില്‍ വീട്ടില്‍ എൻ.ഷീജ (48) ആണ് ആത്മഹത്യ ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ഷീജയുടെ പേരിലുണ്ടായിരുന്ന വലിയ സാമ്പത്തിക ബാധ്യതയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഷീജയ്ക്കു പണം നല്കിയ വ്യക്തികളും പാലോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഈ പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 10-ാം തീയതിയാണ് നന്ദിയോട്ടെ ഷീജയുടെ കടയ്ക്ക് സമീപമുള്ള ട്രാവല്‍സിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്. സംഭവത്തില്‍ ഒരു കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, ഷീജയെ ഇടനിലക്കാരിയാക്കി മറ്റു ചിലരാണ് ആളുകളില്‍ നിന്ന് പണം വാങ്ങിയിരുന്നതെന്നും ആരോപണമുണ്ട്.
ഈ പണം തിരികെ നല്‍കാത്തതിനെ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടാണ് ഷീജയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നുമാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. കടം വാങ്ങിയ കാശിന്റെ കണക്കുകള്‍ ഒരു ഡയറിയില്‍ എഴുതുന്ന പതിവ് ഷീജയ്ക്കുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഷീജയുടെ മരണത്തോടെ ഈ ഡയറി കാണാനില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനായി ആക്ഷൻ കൗണ്‍സില്‍ രൂപീകരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.






