കൊച്ചി: നീലയും വെള്ളയും കലർന്ന ഒരു ബീഡിക്കവർ. ബീഡിയുടെ പേര് 'ബാബു ബംഗാളി ബിരി'. ബംഗാളില്‍ വ്യാപകമായി വില്‍ക്കപ്പെടുന്ന ഈ ബീഡിക്കവറിലെ ചിത്രം കണ്ടാല്‍, ഇത് ഈ ഉല്‍പ്പന്നത്തിന്റെ നിർമാതാവായ 'ബാബു' തന്നെയാണെന്ന് അവിടത്തുകാർ കരുതിയേക്കാം.
എന്നാല്‍, ഈ ബീഡിക്കവർ കാണുന്ന ഏതൊരു മലയാളിയും ഒന്നു ഞെട്ടും; സംശയമില്ലാതെ പറയും "ചിത്രത്തിലുള്ളത് ബാബുവല്ല, നമ്മുടെ സ്വന്തം നടൻ സിദ്ദീഖാണ്!"
പരസ്യങ്ങള്‍ക്കായി സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് സിനിമാലോകത്ത് പതിവാണ്.
വൻകിട കമ്പനികള്‍ വമ്പൻ തുക നല്കി താരങ്ങളെ ബ്രാൻഡ് അംബാസഡർമാരാക്കുമ്പോള്, ചില ചെറുകിട സ്ഥാപനങ്ങള്‍ യാതൊരു അനുമതിയും തേടാതെ ഇത്തരം ചിത്രങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ അടിച്ചിറക്കാറുണ്ട്.
എന്നാല്‍, ഇവിടെ ചിത്രത്തിലുള്ളത് ഒരു പ്രമുഖ നടനാണെന്ന കാര്യം ബംഗാളിലെ ആ ബീഡി കമ്പനിക്കാർ അറിഞ്ഞിട്ടുപോലുമുണ്ടാകില്ല!
ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ചചന്ദയിലുള്ള 'നസീബ് ബീഡി ഫാക്ടറിയില്‍' നിന്നാണ് 'ബാബു ബീഡി' വിപണിയിലിറങ്ങുന്നത്. സാധാരണയായി ബംഗാളിലെ ചില പ്രാദേശിക ബീഡി കമ്പനികള്‍ ഉടമകളുടെ ചിത്രങ്ങള്‍ പാക്കറ്റുകളില്‍ പതിക്കുന്ന പതിവുണ്ട്.
ഇത്തരത്തിലുള്ള ഒരുക്കത്തിനിടയില്‍ എവിടെനിന്നോ നടൻ സിദ്ദീഖിന്റെ ഒരു ചിത്രം ഇവർക്ക് ലഭിക്കുകയും, ആള് ആരാണെന്ന് തിരിച്ചറിയാതെ കവറില്‍ അച്ചടിക്കുകയുമായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
എന്തായാലും സംഗതി സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വലിയ രീതിയില്‍ വൈറലായിക്കഴിഞ്ഞു.
തന്റെ അറിവോ സമ്മതമോ ഇല്ലാതെ സ്വന്തം ചിത്രം ബംഗാളി ബീഡിക്കവറില്‍ ഇടംപിടിച്ച സംഭവത്തില്‍ നടൻ സിദ്ദീഖിന്റെ പ്രതികരണം എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ.






