ഡൽഹി: ഇന്ന് തന്നെ ഇറാനെതിരെ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിഷയം വിദേശനയത്തിലൂടെ പരിഹരിക്കുകയോ അല്ലെങ്കില്‍ ഇറാന്റെ കാര്യം അവസാനിപ്പിക്കുകയോ ചെയ്യേണ്ടി വന്നേക്കാമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യം പദ്ധതികള്‍ തയ്യാറാക്കുന്നതായാണ് റിപ്പോർട്ട്. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുന്നതിനുള്ള വഴികള്‍ യു.എസ് സൈന്യം തയ്യാറാക്കിയിട്ടുണ്ടെന്ന് ആസൂത്രണവുമായി അടുപ്പമുള്ള രണ്ട് സ്രോതസുകളെ ഉദ്ധരിച്ച് ശനിയാഴ്ച 'ദി ഹില്‍' റിപ്പോർട്ട് ചെയ്തു.
വൈറ്റ് ഹൗസിന്റെ അനുമതി ലഭിച്ചാല്‍ ഉടൻ നടപ്പാക്കാൻ യു.എസ് സെൻട്രല്‍ കമാൻഡ് ആക്രമണ പദ്ധതികള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഒരു സ്രോതസ്സ് പറഞ്ഞു. വാർ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് നിരവധി ബദല്‍ നിർദ്ദേശങ്ങള്‍ സമർപ്പിക്കുന്നുണ്ടെന്നും അന്തിമ തീരുമാനം എടുക്കേണ്ടി വരുന്നതുവരെ ട്രംപ് എല്ലാ സാധ്യതകളും തുറന്നിടുമെന്നും മറ്റൊരു സ്രോതസ്സ് വ്യക്തമാക്കി.
തെക്കൻ ഇറാഖിന് മുകളില്‍ യു.എസ് യുദ്ധവിമാനങ്ങള്‍ പറക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഞായറാഴ്ച പുലർച്ചെ തെക്കൻ ഇറാഖിന് മുകളില്‍ യു.എസ് യുദ്ധവിമാനങ്ങള്‍ പറക്കുന്നത് കണ്ടതായി ഐ.ആർ.ജി.സി ബന്ധമുള്ള സബരീൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇവയുടെ കൃത്യമായ സ്ഥാനത്തെക്കുറിച്ചോ ദൗത്യത്തെക്കുറിച്ചോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം, ട്രംപിന്റെ ഇറാൻ ആക്രമണം അടുത്ത 'തീരായുദ്ധം' ആയി മാറുന്നുവെന്ന് യു.എസ് സെനറ്റർ ക്രിസ് വാൻ ഹോളൻ മുന്നറിയിപ്പ് നല്കി. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാനുള്ള യു.എസ്-ഇസ്രായേല്‍ പദ്ധതികളെക്കുറിച്ചുള്ള ലേഖനം എക്സില്‍ പങ്കുവെച്ചുകൊണ്ടാണ് വാൻ ഹോളൻ ഈ പ്രതികരണം നടത്തിയത്
അനാവശ്യമായ ഇറാൻ യുദ്ധം ടെഹ്റാനെ കൂടുതല്‍ ശക്തരാക്കിയെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ട്രംപ് ഇറാനുമായി അനാവശ്യ യുദ്ധത്തിന് തുടക്കമിട്ടെന്നും, ഇത് ഇറാന്റെ നില കൂടുതല്‍ ശക്തമാക്കാനും അമേരിക്കൻ ജീവനുകള്‍ നഷ്ടപ്പെടാനും വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്തതായി ഒബാമ ആരോപിച്ചു. ശനിയാഴ്ച മിഷിഗണില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭരണകൂടത്തിന്റെ വിജയവാദങ്ങളെ ഒബാമ ചോദ്യം ചെയ്തു. ഈ യുദ്ധം യു.എസ് സഖ്യകക്ഷികളെയും സൈനിക താവളങ്ങളെയും ആക്രമണ ഭീഷണിയിലാക്കിയെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തില്‍ ഇറാന് കൂടുതല്‍ നിയന്ത്രണം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രസിഡന്റ് തുടർച്ചയായി തെറ്റായ തീരുമാനങ്ങള്‍ എടുത്തെന്നും ആരും ആവശ്യപ്പെടാത്തതും ആരും വോട്ട് ചെയ്യാത്തതുമായ ഒരു യുദ്ധത്തിനാണ് തുടക്കമിട്ടതെന്നും ഒബാമ കൂട്ടിച്ചേർത്തു






