യൂട്യൂബ് വ്യൂസ് എണ്ണുന്ന രീതി മാറ്റുന്നു. നിലവില്‍ ഒരു വ്യൂ കണക്കാക്കാൻ വീഡിയോ കുറഞ്ഞത് 30 സെക്കൻഡ് കണ്ടിരിക്കണമെന്നായിരുന്നു പൊതുവായി കരുതപ്പെട്ടിരുന്നത്. പുതിയ സംവിധാനത്തില്‍ വീഡിയോയുടെ യഥാർഥ എക്സ്പോഷർ കൂടുതല്‍ കൃത്യമായി മനസ്സിലാക്കാൻ കഴിയുമെന്നാണ് യൂട്യൂബിന്റെ വിശദീകരണം.
ഷോർട്സ് വീഡിയോകളുടെ വ്യൂസ് കണക്കാക്കുന്നതിലും സമാനമായ സമീപനം കഴിഞ്ഞ വർഷം യൂട്യൂബ് നടപ്പാക്കിയിരുന്നു.
അതേസമയം, നിലവിലെ വ്യൂസ് കണക്കാക്കുന്ന രീതിക്ക് പൂർണമായും മാറ്റമുണ്ടാകില്ല. പുതിയ പൊതുവായ വ്യൂസ് കണക്കിനൊപ്പം നിലവിലെ കണക്ക് "എൻഗേജ്ഡ് വ്യൂസ് " എന്ന പേരില്‍ യൂട്യൂബ് അനലിറ്റിക്സില്‍ ക്രിയേറ്റർമാർക്ക് തുടർന്നും ലഭ്യമാകും.
വീഡിയോ കണ്ടുതുടങ്ങിയ ശേഷം എത്ര പേർ കൂടുതല്‍ സമയം കാണാൻ തിരഞ്ഞെടുത്തു എന്നത് ഇതിലൂടെ മനസ്സിലാക്കാനാകും.
പുതിയ മാറ്റം ക്രിയേറ്റർമാരുടെ വരുമാനത്തെയോ യൂട്യൂബ് പാർട്ണർ പ്രോഗ്രാമിലൂടെ മോണിറ്റൈസേഷന് യോഗ്യത നേടുന്ന രീതിയെയോ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. വ്യൂസ് സംബന്ധിച്ച കണക്കുകള്‍ കൂടുതല്‍ ലളിതവും സുതാര്യവുമാക്കുന്നതിനാണ് മാറ്റമെന്നും യൂട്യൂബ് അറിയിച്ചു.
ക്രിയേറ്റർമാർക്ക് പരസ്യങ്ങളിലൂടെയും സബ്സ്ക്രിപ്ഷനുകളിലൂടെയും വരുമാനം നേടാൻ അടുത്ത വർഷം മുതല്‍ കൂടുതല്‍ ഉയർന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ വ്യൂസ് കണക്കാക്കല്‍ മാറ്റവും വരുന്നത്.






