ഇടുക്കി: 2026 സെപ്റ്റംബർ 23-ന് സർക്കാരിന്റെ അറിവോടുകൂടി ഇടുക്കി ജില്ലാ കളക്ടർ പുറപ്പെടുവിച്ച മനുഷ്യ-വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ജനദ്രോഹ ഉത്തരവ് ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. ഇതിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശന് നേരെ യൂത്ത് ഫ്രണ്ട് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവെന്ന് യൂത്ത് ഫ്രണ്ട് നേതാക്കൾ ആരോപിച്ചു.
വന്യജീവി ശല്യം മൂലം ജനങ്ങൾ ദുരിതത്തിലായിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ജനദ്രോഹ നിലപാടുകളിൽ നിന്നും അധികൃതരും സർക്കാരും ഉടനടി പിന്മാറണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാൻ, പ്രിൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നത്. കളക്ടറുടെ ജനദ്രോഹ ഉത്തരവ് പിൻവലിക്കുന്നത് വരെ സമരം കൂടുതൽ ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.






