കാസർഗോഡ്: രാജ്മോഹൻ ഉണ്ണിത്താനെ ഉന്നംവെച്ച് യൂത്ത് കോണ്‍ഗ്രസ്. 'പാലം കടക്കും വരെ നാരായണ പാലം കടന്നാല്‍ കൂരായണ'.
പരിഹാസ കാർട്ടൂണ്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ കാസഗോഡ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പേജിലാണ് കാർട്ടൂണ്‍ പങ്കുവെച്ചത്.
ജില്ലയിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ (APP) നിയമനത്തെച്ചൊല്ലി കാസർകോട് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായിരുന്നു. വിഷയത്തില്‍ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നിലപാടുകളെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പൂർണമായും തള്ളി.
ഇടതുപക്ഷ അഭിഭാഷക സംഘടനയില്‍ അംഗമായ അഡ്വ. എ. വിദ്യാധരൻ നമ്പ്യാരെ നിയമിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ജില്ലാ പ്രസിഡൻ്റ് കെ.ആർ. കാർത്തികേയൻ വ്യക്തമാക്കി.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) നല്കിയ ശുപാർശ പട്ടികയില്‍ വിദ്യാധരൻ നമ്പ്യാരുടെ പേരുണ്ടായിരുന്നില്ലെന്നും, ഡിസിസി നിർദ്ദേശിക്കാത്ത ഒരാള്‍ക്ക് എങ്ങനെ നിയമനം ലഭിച്ചുവെന്ന് അന്വേഷിക്കണമെന്നും കെ. ആർ. കാർത്തികേയൻ ആവശ്യപ്പെട്ടു.
നിയമനത്തിലെ യൂത്ത് കോണ്‍ഗ്രസ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ നേരത്തെ പ്രതികരിച്ചിരുന്നു. കൂടാതെ, യൂത്ത് കോണ്‍ഗ്രസ് വ്യാജ മെമ്പർഷിപ്പ് ഉണ്ടാക്കിയെന്ന എംപിയുടെ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കാർത്തികേയൻ തിരിച്ചടിച്ചു.
പോര് മുറുകുന്നതിനിടെ, യൂത്ത് കോണ്‍ഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച പരിഹാസ കാർട്ടൂണ്‍ വീഡിയോ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചർച്ചയായിരിക്കുകയാണ്. 'പാലം കടക്കും വരെ നാരായണ, പാലം കടന്നാല്‍ കൂരായണ' എന്ന വാചകത്തോടെയുള്ള വീഡിയോ രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രവർത്തകരെ മറന്നു എന്ന സൂചന നല്‍കുന്നതാണ് ഈ പോസ്റ്റ്.






