കൊല്ലം : ട്രെയിനിന്റെ വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്ക് വീണ് പതിനെട്ടുകാരൻ മരിച്ചു. കൊല്ലം പുല്ലാമല സ്വദേശി രാഹുലാണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്ക് സമീപം റെയില്‍വേ ട്രാക്കിനരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന മലബാർ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു രാഹുല്‍. അതിവേഗം സഞ്ചരിക്കുന്ന ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീണാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
രാഹുലിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് രാഹുലിനെ ട്രെയിനില്‍ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് സുഹൃത്ത് വിവരം കായംകുളം റെയില്‍വേ പൊലീസിനെ അറിയിച്ചു.
റെയില്‍വേ പൊലീസ് ഉടൻ തന്നെ മറ്റു സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി. ഇതിനിടെയാണ് പൊന്നുരുന്നി ഭാഗത്ത് റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കിടക്കുന്നതായി നാട്ടുകാർ പൊലീസില്‍ വിവരമറിയിക്കുന്നത്.
വിവരമറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ കൊച്ചിയിലെത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം വിട്ടുനല്‍കും. സംഭവത്തില്‍ കടവന്ത്ര പൊലീസും റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചു.






