തൃശ്ശൂർ : കല്ലൂരിൽ സംഘത്തിൻറെ വീടുകയറി ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനും കുടുംബാംഗങ്ങൾക്കും പരുക്ക്. തൃക്കൂർ മണ്ഡലം പ്രസിഡന്റ് റിന്റോ പുതുപ്പള്ളി വളപ്പിലിൻ്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. പ്രിന്റോ സഹോദരൻ റിജോ അമ്മ മേരീസ് എന്നിവർക്കാണ് പരുക്കേറ്റത്.
ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഓട്ടോറിക്ഷയിലും ബൈക്കിലും എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. വീടിനുള്ളിൽ കയറിയ പ്രതികൾ മേരീസിനെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇത് കണ്ടുവന്ന റിന്റോയുടെ സഹോദരൻ റിജോയെ വാഹനത്തിന്റെ താക്കോൽ കൊണ്ടും ഇരിക്കട്ടെ കൊണ്ടും കണ്ണിൽ ഇടിച്ചു. സംഭവം അറിഞ്ഞെത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ സഹോദരൻ റിന്റോയെ റോഡിലിട്ട് ഇവർ മർദ്ദിക്കുകയായിരുന്നു. നിലവിളി കേട്ട സമീപവാസികൾ എത്തിയ ഉടനെ പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോയിൽ രക്ഷപ്പെട്ടു.
പ്രതികളിൽ ഒരാളായ സമീപവാസിയെ പൊലീസ് പിന്നീട് പിന്തുടർന്നാണ് പിടികൂടിയത്. ഇവർ കഞ്ചാവ് വില്പന നടത്തുന്ന വിവരം പ്രിന്റോ പൊലീസിൽ അറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പുതുക്കാട് പൊലീസ് അറിയിച്ചു. ചെവിക്കും കാലിനും പരുക്കേറ്റ റിന്റോയും കണ്ണിന് ഗുരുതരമായി പരുക്കേറ്റ റിജോയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കൈയ്ക്ക് പരുക്കേറ്റ അമ്മ മേരീസ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഭവത്തിൽ രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






