കോട്ടയം: ലോക നാളികേര ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കാർഷിക ബോധവത്കരണ പരിപാടിയും പുന്നത്തുറ സെന്റ് ജോസഫ് എൽ.പി. സ്കൂളിൽ നടന്നു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. അനിൽ കരിപ്പിങ്ങാപ്പുറം അധ്യക്ഷത വഹിച്ചു.
വിദ്യാർഥികളിൽ തെങ്ങുകൃഷിയോടും കാർഷിക സംസ്കാരത്തോടും ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. ഇതിന്റെ ഭാഗമായി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിൽ തെങ്ങിൻതൈ നട്ടു. മുഴുവൻ വിദ്യാർഥികൾക്കും തെങ്ങിൻതൈകൾ വിതരണം ചെയ്തു. വിദഗ്ധരുടെ നേതൃത്വത്തിൽ കാർഷിക ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
അയർക്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി കൊറ്റത്തിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ആലീസ് രാജു, ലാൽസി പി. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബേബി, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി.വി. റെജി, കൃഷി ഓഫീസർ മനുകൃഷ്ണൻ, പ്രഥമാധ്യാപിക കുഞ്ഞുമോൾ ആന്റണി ചക്യാത്ത് എന്നിവർ സംസാരിച്ചു.






