ഹോർമോണ്‍ വ്യതിയാനങ്ങള്‍, ജീവിതശൈലി, പ്രത്യുല്പാദന ചരിത്രം, മൊത്തത്തിലുള്ള ആരോഗ്യാവസ്ഥ എന്നിവയുള്‍പ്പെടെ പല ഘടകങ്ങളും ഒരു സ്ത്രീയുടെ ആരോഗ്യത്തെ സ്വാധീനിച്ചേക്കാം.
ഹോർമോണ്‍ വ്യതിയാനങ്ങള്‍, ജീവിതശൈലി, പ്രത്യുല്പാദന തകരാർ, മൊത്തത്തിലുള്ള ആരോഗ്യാവസ്ഥ എന്നിവയുള്‍പ്പെടെ പല ഘടകങ്ങളും ഒരു സ്ത്രീയുടെ ആരോഗ്യത്തെ സ്വാധീനിച്ചേക്കാം. എന്നിരുന്നാലും, പല സ്ത്രീകളും രോഗലക്ഷണങ്ങളെ നിസ്സാരമായി കാണുകയോ ഡോക്ടറെ കാണുന്നത് മാറ്റിവയ്ക്കുകയോ ചെയ്യാറുണ്ട്. ഇതുമൂലം ഗൈനക്കോളജിക്കല്‍ പ്രശ്നങ്ങള്‍ അവഗണിക്കപ്പെടാൻ സാധ്യതയുണ്ട്.
സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട ഗൈനക്കോളജിക്കല്‍ പ്രശ്നങ്ങള്‍ ആർത്തവ ക്രമക്കേടുകളും അണുബാധകളുമാണ്. ഇന്ത്യയിലെ സ്ത്രീകളില്‍ 70 ശതമനവും ഗൈനക്കോളജിക്കല്‍ പ്രശ്നങ്ങള്‍ ഉള്ളവരാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആർത്തവ ക്രമക്കേടുകള്‍, പിസിഒഎസ്, ഫൈബ്രോയ്ഡുകള്‍, എൻഡോമെട്രിയോസിസ്, പെല്‍വിക് ഇൻഫ്ലമേറ്ററി ഡിസീസ് തുടങ്ങിയവ ജീവിതത്തിന്റെ ഒരു ഘട്ടത്തിലെങ്കിലും വന്നിട്ടുള്ളവരായിരിക്കും മിക്കവരും.
രോഗങ്ങളെപ്പറ്റിയുള്ള അവബോധം കുറവായതിനാല്‍ മിക്ക കേസുകളും രോഗനിർണയം സാധ്യമാകാതെയും ചികിത്സ തേടാതെയും അവഗണിക്കപ്പെടുന്നു. രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് കൃത്യസമയത്ത് രോഗനിർണയം നടത്തുന്നതിനും മികച്ച രീതിയില്‍ ചികിത്സിക്കുന്നതിനും സഹായിക്കും. സ്ത്രീകളില്‍ കണ്ട് വരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണ് അമിതമായ രക്തസ്രാവം. ആർത്തവത്തിന് ഇടയിലുള്ള രക്തസ്രാവം, ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവം അല്ലെങ്കില്‍ സാധാരണ ആർത്തവ രീതിയിലുള്ള മാറ്റങ്ങള്‍ എന്നിവ സാധാരണമായ കാര്യങ്ങളല്ല. ഹോർമോണ്‍ അസന്തുലിതാവസ്ഥ, ഫൈബ്രോയിഡുകള്‍, അണുബാധകള്‍ അല്ലെങ്കില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ മൂലമാകാം ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുന്നത്.
വിട്ടുമാറാത്ത പെല്‍വിക് വേദനയോ അസ്വസ്ഥതയോയാണ് മറ്റൊരു ലക്ഷണം. ആർത്തവസമയത്ത് ഇടയ്ക്കുണ്ടാകുന്ന വയറുവേദന സാധാരണമായിരിക്കാം. എന്നാല്‍ വിട്ടുമാറാത്ത പെല്‍വിക് വേദന, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദന, അല്ലെങ്കില്‍ അടിവയറ്റില്‍ അകാരണമായ സമ്മർദ്ദം എന്നിവ എൻഡോമെട്രിയോസിസ്, അണ്ഡാശയത്തിലെ മുഴകള്‍, പെല്‍വിക് അണുബാധകള്‍ അല്ലെങ്കില്‍ മറ്റ് ഗൈനക്കോളജിക്കല്‍ പ്രശ്നങ്ങള്‍ എന്നിവയുടെ ലക്ഷണമാകാം.
പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥത. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കലും വേദനയും ചിലപ്പോള്‍ ഗൈനക്കോളജിക്കല്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാകാം. ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടി വരികയോ ആവർത്തിച്ചുള്ള മൂത്രനാളിയിലെ അണുബാധ അനുഭവപ്പെടുകയോ ചെയ്താല്‍ ഉടൻ തന്നെ ഡോക്ടറെ കാണുക.






