ചെന്നൈ : തമിഴ്നാട്ടിൽ കര്‍ഷകര്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ഡിഎംകെ ഭരണസമയത്തെ കേസുകളിലാണ് നടപടിയെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയില്‍ അറിയിച്ചു. പരന്തൂര്‍ വിമാനത്താവളം, സിപ്കോട്ട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നിവയ്ക്കെതിരെയാണ് കര്‍ഷകര്‍ സമരം നടത്തിയത്. ആനുകൂല്യങ്ങള്‍ക്കായി അധ്യാപകര്‍ നടത്തിയ സമരത്തിലും കേസെടുത്തു.
അവകാശങ്ങൾക്കായി പോരാടിയ അധ്യാപകർക്കും കർഷകർക്കുമെതിരായ കേസുകള്‍ പിന്‍വലിക്കുന്നുവെന്നും അവകാശങ്ങള്‍ക്കായി പോരാടുന്നവര്‍ക്കൊപ്പമാണ് ടിവികെയെന്നും മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയില്‍ അറിയിച്ചു.
മുന്‍ സര്‍ക്കാര്‍ നിരവധി കേസുകള്‍ ഫയല്‍ ചെയ്തു. ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. തങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്ത കേസുകള്‍ കാരണം കര്‍ഷകരും അധ്യാപകരും ഇന്നും പ്രയാസപ്പെടുകയാണ്. ജനാധിപത്യ തത്വങ്ങളെ മാനിക്കുന്ന ഞങ്ങളുടെ സര്‍ക്കാര്‍, മാനുഷിക പരിഗണന മുന്‍നിര്‍ത്തി അധ്യാപകര്‍ക്കും കര്‍ഷകര്‍ക്കുമെതിരായ എല്ലാ കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും അധ്യാപകര്‍ക്കും അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കും ഒപ്പം നിലകൊള്ളുമെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു.






