നേപ്പാൾ: ആയിരത്തിലധികം പേരുടെ ജീവനെടുത്ത വിനാശകരമായ പ്രളയത്തിന് പിന്നാലെ രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സമയബന്ധിതമായി സഹായമെത്തിച്ച ഇന്ത്യയ്ക്കും ചൈനയ്ക്കും നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബലേൻ ഷാ. നേപ്പാൾ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇന്ത്യയുടെയും ചൈനയുടെയും സഹായത്തെ പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചത്.
ഇത്രയും വലിയൊരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സഹായം നിരസിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ മേഖലയുടെയും വിവിധ രാജ്യങ്ങളുടെയും സഹകരണത്തോടെ ആവശ്യമായ സഹായങ്ങൾ സമയബന്ധിതമായി ദുരന്തബാധിത മേഖലകളിൽ എത്തിക്കാൻ നേപ്പാളിന് കഴിഞ്ഞതായും ബലേൻ ഷാ വ്യക്തമാക്കി.
ഇന്ത്യയും ചൈനയും സാങ്കേതിക വിദഗ്ധരെ നേപ്പാളിലേക്ക് അയച്ചതായും ദുരന്തത്തിന്റെ ആദ്യ ദിവസം മുതൽ വ്യോമനിരീക്ഷണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ നാശനഷ്ടങ്ങൾ വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകളും വിദഗ്ധർ പരിശോധിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികൂലമായ ഭൂപ്രദേശങ്ങളിൽ പോലും ഇന്ത്യൻ സാങ്കേതിക വിദഗ്ധർ അതിവേഗം എത്തിച്ചേർന്നതായി ബലേൻ ഷാ ചൂണ്ടിക്കാട്ടി. കനത്ത മണ്ണും ചെളിയും നിറഞ്ഞതിനാൽ മണ്ണുമാന്തി യന്ത്രങ്ങൾക്ക് മാത്രമല്ല, സൈന്യത്തിനും സായുധ പൊലീസ് സേനയ്ക്കും പോലും നിലയുറപ്പിക്കാൻ കഴിയാത്ത അതീവ ദുഷ്കരമായ സാഹചര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.






