കൊല്ലം: വിസ്റ്റഡോം കോച്ച് അനുവദിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ മറുപടിയുമായി കൊടിക്കുന്നില്‍ സുരേഷ് എംപി.
പുനലൂർ-ഗുരുവായൂർ ട്രെയിൻ കൊണ്ടുവരാൻ പണിയെടുത്തത് താനാണെന്നും ട്രെയിൻ വന്നതുകൊണ്ടാണല്ലോ വിസ്റ്റഡോം കോച്ച് വന്നതെന്നും ഒരു മാദ്ധ്യമത്തോട് കൊടിക്കുന്നില്‍ ചോദിച്ചു. താൻ പറഞ്ഞതിലെന്താണ് തെറ്റെന്നും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും കൊല്ലം എംപി എൻ കെ പ്രേമചന്ദ്രന് പരോക്ഷ മറുപടിയായി കൊടിക്കുന്നില്‍ പറഞ്ഞു.
ആരും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും തന്റെ പ്രവർത്തനം ജനങ്ങള്‍ക്കായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മാർത്ഥമായി പണിയെടുത്തതിനാലാണ് ട്രെയിനുകള്‍ നേടിയെടുക്കാൻ കഴിഞ്ഞത്. മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ പ്രവൃത്തി.
'തൊഴില്‍ വകുപ്പ് സഹമന്ത്രിയായിരുന്ന കാലത്ത് 2013ലാണ് പുനലൂർ-ഗുരുവായൂർ ട്രെയിൻ തുടങ്ങിയത്. 2023ലാണ് ട്രെയിൻ മധുരയിലേക്ക് നീട്ടിയത്. 2023ല്‍ ഗേജ് കണ്‍വേർഷൻ പൂർത്തിയാക്കിയപ്പോള്‍ മധുരയിലേക്ക് നീട്ടാൻ സമ്മർദ്ദം ശക്തമാക്കി. ടൂറിസവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങള്‍ റെയില്‍വെ അംഗീകരിച്ചു.'-കൊടിക്കുന്നില്‍ പറഞ്ഞു. വിസ്റ്റഡോം കോച്ച് ഘടിപ്പിക്കുന്നത് മധുര-ഗുരുവായൂർ ട്രെയിനിലാണെന്നും ഗുരുവായൂർ ട്രെയിൻ ഇല്ലെങ്കില്‍ വിസ്റ്റഡോം കോച്ച് വരില്ലെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.
വിസ്റ്റഡോം കോച്ച് കേരളത്തിലെത്തിക്കാൻ തങ്ങളുടെ ഇടപെടല്‍ നിർണായകമായി എന്ന് എൻ കെ പ്രേമചന്ദ്രൻ എംപിയും പറഞ്ഞിരുന്നു. വിസ്റ്റഡോം കോച്ച് വരുന്ന വിവരം ആദ്യം സമൂഹമാദ്ധ്യമത്തിലറിയിച്ചത് കൊടിക്കുന്നിലായിരുന്നു. ഇതിന് പിന്നാലെ എൻ കെ പ്രേമചന്ദ്രൻ പ്രതികരിച്ചതോടെ വിവാദമാകുകയായിരുന്നു.
നാളെമുതല്‍ വിസ്റ്റഡോം കോച്ചായി സർവീസ് ആരംഭിക്കുന്ന ട്രെയിൻ അടുത്തവർഷം ജനുവരി 16 വരെയാകും ഇത്തരത്തില്‍ ഓടുകയെന്നാണ് വിവരം.






