മലപ്പുറം : പൊക്കോട് റിസര്‍വ് വനത്തിനുള്ളിലെ പാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 62കാരന് പരിക്കേറ്റു. എളമ്പിലാക്കോട് പൊക്കോട് സെറ്റില്‍മെന്റില്‍ താമസിക്കുന്ന കൃഷ്ണനാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഏഴോടെ അകമ്പാടം തണ്ണിപ്പൊയില്‍ ഭാഗത്തെ പൊക്കോട് റിസര്‍വ് വനത്തിനുള്ളിലെ പാതയിലായിരുന്നു സംഭവം.
ജോലിക്കായി നിലമ്പൂരിലേക്ക് പോകുന്നതിനിടെ കൃഷ്ണനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കാലിന്റെ തുടയ്ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് ഇദ്ദേഹത്തെ നിലമ്പൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനത്തിനുള്ളിലെ പാതയിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നില്‍പ്പെട്ടതെന്നാണ് വിവരം.
വനമേഖലയോട് ചേര്‍ന്നുള്ള പാതകളിലൂടെ ദിവസവും നിരവധി പേര് ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള പാതകളില്‍ കാട്ടാനകളുടെ സാന്നിധ്യം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്. രാവിലെയും വൈകുന്നേരവും വനപാതകളിലൂടെ സഞ്ചരിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റ സംഭവം പ്രദേശവാസികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.






