ഉപയോക്താക്കള്‍ക്ക് തേർഡ് പാർട്ടി എഐ ഏജന്റുകളെയും ബോട്ടുകളെയും നേരിട്ട് വാട്സാപ്പുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാൻ കഴിയുന്ന പുതിയ ഫീച്ചർ പരീക്ഷിക്കുന്നതായി റിപ്പോർട്ട്.
ഇതുവഴി വാട്സാപ്പ് ആപ്പ് വിട്ടുപോകാതെ തന്നെ വിവിധ എഐ സേവനങ്ങളുമായി ആശയവിനിമയം നടത്താൻ സാധിച്ചേക്കും. ഓരോ എഐ ഏജന്റിനും പ്രത്യേകം ചാറ്റ് ലഭിക്കുന്ന രീതിയിലായിരിക്കും പുതിയ ഫീച്ചർ. നിലവില്‍ പരിമിതമായ എണ്ണം ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്കിടയിലാണ് ഫീച്ചർ പരീക്ഷിക്കുന്നത് എന്നാണ് വിവരം. വരും മാസങ്ങളില്‍ കൂടുതല്‍ അക്കൗണ്ടുകളിലേക്ക് ഇത് വ്യാപിപ്പിച്ചേക്കും. എന്നാല്‍ ഫീച്ചർ എല്ലാവർക്കുമായി എപ്പോള്‍ ലഭ്യമാക്കുമെന്ന് വാട്സ്ആപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
എഐ ഏജന്റുകളെ ചേർക്കാം
വാട്സാപ്പ് ഫീച്ചറുകള്‍ നിരീക്ഷിക്കുന്ന വാബീറ്റാഇൻഫോയാണ് പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ആൻഡ്രോയിഡിനായുള്ള വാട്സാപ്പ് ബീറ്റ പതിപ്പ് 2.26.35.3-ല്‍ ഫീച്ചർ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ആപ്പ് സെറ്റിംഗ്സില് പുതിയ 'ഏജന്റ്സ്' വിഭാഗം ലഭിച്ചേക്കും. ഇതിലൂടെ അനുയോജ്യമായ എഐ സേവനങ്ങള്‍ ചേർക്കാനും ക്രമീകരിക്കാനും കഴിയും. ഓരോ ഏജന്റിനും പ്രത്യേക പേരും പ്രൊഫൈല്‍ ചിത്രവും നല്കാൻ സാധിച്ചേക്കും. ഒരു അക്കൗണ്ടില്‍ പരമാവധി അഞ്ച് എഐ ഏജന്റുകളെ വരെ ചേർക്കാൻ വാട്സ്ആപ്പ് അനുവദിച്ചേക്കുമെന്നാണ് സൂചന.






