വയനാട്: കേരള അതിർത്തിയിൽ വെച്ച് യുവാവിനെ കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി 45 ലക്ഷം രൂപ കവർന്നതായി പരാതി.
വയനാട് നായ്ക്കട്ടി സ്വദേശി മുഹമ്മദ് ഷെരീഫാണ് കവർച്ചയ്ക്ക് ഇരയായത്.
കർണാടകയിൽ നിന്നും വയനാട്ടിലേക്ക് കാറിൽ വരികയായിരുന്നു മുഹമ്മദ് ഷെരീഫ്.
വൈകുന്നേരത്തോടെ പിന്നാലെ കാറിലെത്തിയ സംഘം ഇദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിർത്തുകയും തുടർന്ന് കാറടക്കം തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
വിവരമറിഞ്ഞ് കേരള-തമിഴ്നാട് അതിർത്തിയിലെ ചേരമ്പാടി പൊലീസ്, സംഘത്തെ പിന്തുടർന്നു.
പൊലീസ് വാഹനം പിന്നാലെ വരുന്നത് കണ്ടതോടെ കവർച്ചാസംഘം കാറും മുഹമ്മദ് ഷെരീഫിനെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ഷരീഫിന്റെ കാറിന്റെ അടിഭാഗത്തുള്ള രഹസ്യ അറയിൽ 1.14 കോടി രൂപ സൂക്ഷിച്ചിരുന്നു.
ഇതിൽ നിന്നാണ് 45 ലക്ഷം രൂപ അജ്ഞാതസംഘം കവർന്നത്. മുഹമ്മദ് ഷെരീഫും കബീർ എന്ന വ്യക്തിയും ചേർന്ന് കർണാടകയിൽ നിന്ന് സ്വർണം വാങ്ങി പണമാക്കി മാറ്റുന്ന ജോലിയാണ് ചെയ്തുവരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഉൾപ്പെട്ട സംഘത്തെക്കുറിച്ചും പണത്തിന്റെ ഉറവിടവും ഹവാല ഇടപാടുകളും സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.






