വൈക്കം: ജില്ലയിലെ ജലാശയങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഭാരതീയ കിസാൻ സംഘ് ജലയാത്ര നടത്തുന്നു. 27ന് കരിയാർ സ്പിൽവേയിൽനിന്ന് തുടങ്ങി താലൂക്കിലെ വിവിധ ജലാശയങ്ങളിലൂടെ നടത്തുന്ന ജലയാത്ര പള്ളിയാട് എസ്എൻ യുപി സ്കൂൾ ഗ്രൗണ്ടിൽ സമാപിക്കും.
പോളയും മാലിന്യവും നിറഞ്ഞ ജലാശയങ്ങളിലെ നീരൊഴുക്ക് സാധ്യമാക്കി ജലഗതാഗതം സുഗമമാക്കുന്നതിനും കാർഷിക മേഖലയിൽ ജലലഭ്യത ഉറപ്പാക്കാനും ജലാശയങ്ങളുടെ സംരക്ഷണം അനിവാര്യമാണെന്ന് ഭാരതീയ കിസാൻ സംഘ് നേതൃത്വം അഭിപ്രായപ്പെട്ടു.
മണൽ വാരി കുഴിഞ്ഞ മൂവാറ്റുപുഴയാറിന്റെ ജലവിതാനത്തേക്കാൾ തലയോലപ്പറമ്പ് അടിയത്തെ ഷട്ടറും പാലത്തിന്റെ അടിഭാഗവും ഉയർന്നുനിൽക്കുന്നതിനാൽ കരികനാലിലേക്ക് വെള്ളമൊഴുകുന്നില്ല.
ഇവിടെ പുലിമുട്ട് സ്ഥാപിച്ച് അപ്പർകുട്ടനാട് മേഖലകളിലേക്ക് ജലം തിരിച്ചുവിടുന്നതിനും അശാസ്ത്രീയമായി അടിയം ഭാഗത്ത് നിർമിച്ചിട്ടുള്ള ഷട്ടർ പൊളിച്ചുനീക്കുന്നതിനും പുഴകളുടെ ആഴം കൂട്ടി ജലാശയങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജലയാത്ര സംഘടിപ്പിക്കുന്നത്.
പള്ളിയാട് എസ്എൻഎൽപി സ്കൂളിൽ നടക്കുന്ന സമാപന സമ്മേളനം ഭാരതീയ കിസാൻ സംഘ് സംസ്ഥാന പ്രസിഡന്റ് ഡോ. അനിൽ വൈദ്യമംഗലം ഉദ്ഘാടനം ചെയ്യും.






