വെള്ളം കുടിക്കുക എന്നത് ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ദഹനം, രക്തചംക്രമണം, താപനിലയുടെ നിയന്ത്രണം, വിഷാംശങ്ങളെ നീക്കൽ തുടങ്ങി ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വെള്ളം ശരീരത്തിലുണ്ടാേകണ്ടതുണ്ട്. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്.
ജലാംശം നിലനിർത്തുന്നു
മണിക്കൂറുകളോളം ഉറങ്ങിയ ശേഷം എഴുന്നേൽക്കുമ്പോൾ ശരീരത്തിന്റെ ജലാംശം ഉണ്ടാവില്ല. രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം ഉണ്ടാകാൻ സഹായിക്കും. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുകയും ചെയ്യും.
∙ഉപാപചയ പ്രവർത്തനം
രാവിലെ വെള്ളം കുടിക്കുന്നതു മൂലം ഉപാപചയപ്രവർത്തനം 30 ശതമാനം വരെ വർധിക്കുന്നു. ഇത് പകൽമുഴുവൻ കൂടുതൽ കാലറി കത്തിക്കാൻ സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാനും ഊർജം നിലനിർത്താനും സഹായിക്കും.
വിഷാംശങ്ങളെ നീക്കുന്നു
രാത്രിയിൽ ശരീരം അതിന്റെ കേടുപാടുകൾ പരിഹരിക്കുകയാവും, ഈ സമയത്ത് ശരീരത്തിൽ വിഷാംശം (toxins) അടിഞ്ഞുകൂടും. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ഈ വിഷാംശങ്ങളെ നീക്കും. വൃക്കകളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും ഇത് സഹായിക്കും.
∙ദഹനത്തിന് സഹായകം
രാവിലെ വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കും. ദഹനപ്രക്രിയ മെച്ചപ്പെടുകയും മലബന്ധം തടയുകയും ചെയ്യും. ദിവസം മുഴുവൻ പോഷകങ്ങളുടെ മെച്ചപ്പെട്ട ആഗിരണത്തിനും വെള്ളം കുടി സഹായിക്കും.
∙ചർമത്തിന്റെ ആരോഗ്യം
ആരോഗ്യമുള്ള ചർമത്തിന് ശരീരത്തില് ജലാംശം നിലനിർത്തേണ്ടത് ആവശ്യമാണ്. രാവിലെ വെള്ളം കുടിക്കുന്നത് ചർമത്തിന്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കും. ചർമത്തിൽ ചുളിവുകൾ വരുന്നത് കുറയ്ക്കുകയും ചർമത്തിന് തിളക്കമേകുകയും ചെയ്യും.
∙തലച്ചോറിന്റെ പ്രവർത്തനം
തലച്ചോറിന്റെ 75 ശതമാനവും വെള്ളമാണ്. നിർജലീകരണം ബൗദ്ധികപ്രവർത്തനങ്ങളെ തകരാറിലാക്കും. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ഏകാഗ്രത വർധിപ്പിക്കാനും ഓർമശക്തി മെച്ചപ്പെടുത്താനും സഹായിക്കും.






