കൊച്ചി: മരട്, കടവന്ത്ര, പാലാരിവട്ടം എന്നീ മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തികളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന വൈറ്റിലയിൽ പ്രത്യേക പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് സേവനം സമയബന്ധിതമായി ലഭിക്കുന്നതിന് നിലവിലെ സ്റ്റേഷൻ പരിധികൾ തടസ്സമാകുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.
വൈറ്റില മൊബിലിറ്റി ഹബ്ബ്, മെട്രോ സ്റ്റേഷനുകൾ, വാട്ടർ മെട്രോ, റെയിൽവേ മാർഷലിംഗ് യാർഡ് തുടങ്ങി നിരവധി പ്രധാന ഗതാഗത കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് വൈറ്റില. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഇവിടെ ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് എത്തുന്നത്.
ക്രമസമാധാന പ്രശ്നങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോൾ സംഭവം ഏത് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണെന്ന കാര്യത്തിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകുന്നതായും ഇത് പൊലീസിന്റെ സമയബന്ധിതമായ ഇടപെടലിനെ ബാധിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി വൈറ്റില കേന്ദ്രീകരിച്ച് പ്രത്യേക പൊലീസ് സ്റ്റേഷൻ ആരംഭിക്കണമെന്നാണ് ആവശ്യം.
വൈറ്റിലയിൽ പുതിയ പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ വി.പി. ചന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി. ഉമ തോമസ് എംഎൽഎ, കൗൺസിലർ സേവ്യർ പി. ആന്റണി, വൈറ്റില മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. രതീഷ്കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നിവേദനം സമർപ്പിച്ചത്.






