തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന സന്നദ്ധ ഭക്ഷണ വിതരണം ലോക റെക്കോർഡാണെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി.
ദിവസവും 4000-ത്തോളം പേർക്ക് പൊതിച്ചോറ് നല്കുന്ന ഈ പ്രവർത്തനം മറ്റൊരു സംഘടനയ്ക്കും ചെയ്യാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടനയ്ക്ക് ഇത്തരമൊരു സന്നദ്ധ സേവനം നടത്താൻ കഴിയുമോ എന്നും ശിവൻകുട്ടി ചോദിച്ചു. ആരോഗ്യമന്ത്രി കെ മുരളീധരൻ നടത്തിയ വിമർശനത്തില്‍ നിന്ന് പിൻവാങ്ങിയാല്‍ മാത്രം പോരാ, പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"സാമൂഹിക പ്രവർത്തനത്തിന് ഇറങ്ങുന്നവരെ ഭീഷണിപ്പെടുത്തരുത്. ആശുപത്രികള്‍ ആരോഗ്യമന്ത്രിയുടെ കുടുംബസ്വത്തല്ല. ഭക്ഷണം വിതരണം ചെയ്യാൻ മന്ത്രിയുടെ സഹായം വേണ്ട. ആശുപത്രിയിലുള്ള യഥാർത്ഥ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുകയാണ് മന്ത്രി ചെയ്യേണ്ടത്," ശിവൻകുട്ടി പറഞ്ഞു.
ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഫ്ലക്സ് വെച്ചാണ് ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം നടത്തുന്നത്. "അന്നം മുടക്കികള്‍ കടക്ക് പുറത്ത്" എന്ന മുദ്രാവാക്യമുള്ള ബാനറുമായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിതരണം നടക്കുന്നത്.ഡിവൈഎഫ്ഐ കോവില്‍വിള യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ സ്ഥലത്ത് നേരിട്ടെത്തി ശിവൻകുട്ടി തന്നെ ഭക്ഷണം വിതരണം ചെയ്തു.
അതേസമയം പൊതിച്ചോറ് വിതരണത്തെക്കുറിച്ചുള്ള മന്ത്രിയുടെ നിലപാടില്‍ ജനങ്ങള്‍ക്കിടയില്‍ വൻ പ്രതിഷേധമുണ്ട്. ഭക്ഷണം കൊടുക്കുന്നതിനെ താൻ എതിർത്തിട്ടില്ലെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വലിയ ബാനർ വെച്ച് പ്രവർത്തനം തടസപ്പെടുത്തിയതിനെയാണ് വിമർശിച്ചതെന്നും മുരളീധരൻ വിശദീകരിച്ചു.






