മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തത്തിനിടെ ജോലി ചെയ്തിരുന്ന മാധ്യമപ്രവർത്തകർക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വ്ലോഗർ നിസാം. തന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നിസാം വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്നും നിസാം പറഞ്ഞു. മണ്ണിടിച്ചിലിനിടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ ചെളിയിൽ വീണ മാധ്യമപ്രവർത്തകൻ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു നിസാം നേരത്തെ വിവാദ പരാമർശം നടത്തിയത്. മാധ്യമപ്രവർത്തകനെ അവിടെവെച്ച് മണ്ണിട്ട് മൂടണമെന്ന തരത്തിലുള്ള പരാമർശമാണ് വീഡിയോയിലൂടെ നടത്തിയത്.
നിസാമിന്റെ വാക്കുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ദുരന്തമുഖത്ത് ജീവൻ പോലും പണയംവെച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന വിമർശനവും ശക്തമായി.
സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ സംഘടനയായ കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് (KUWJ) മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പരാമർശം നടത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം.
പരാതിയിൽ പോലീസ് നടപടിക്ക് സാധ്യതയുണ്ടായ സാഹചര്യത്തിലാണ് നിസാം വിശദീകരണവും ഖേദപ്രകടനവുമായി രംഗത്തെത്തിയത്.






