ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി നിയമ സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി വിനു ജോബ് എം. എൽ. എ യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിയിലേക്ക് 50 വിദ്യാർത്ഥികളെ തെരെഞ്ഞെടുത്തു.
പദ്ധതിയുടെ ഉത്ഘാടനം എസ്. ബി കോളേജ് കല്ലറക്കൽ ഹാളിൽ നടന്ന സമ്മേളനത്തിൽ വിനു ജോബ് എം. എൽ. എ നിർവ്വഹിച്ചു.ഡോ. ജോബിൻ എസ് കൊട്ടാരം അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമിയുമായി ചേർന്ന് നടപ്പിലാക്കുന്ന പരിശീലന പദ്ധതിയിൽ സ്കോളർഷിപ്പ് പരീക്ഷയിലൂടെ വിജയികളായ 50 വിദ്യാർത്ഥികളെയാണ് തെരെഞ്ഞടുത്തിരിക്കുന്നത്.
കറന്റ് അഫയേഴ്സ്, പൊതു വിജ്ഞാനം, ഹിസ്റ്ററി, ജോഗ്രഫി, ഇക്കണോമിക്സ്, ഇന്ത്യൻ കോൺസ്റ്റിട്യൂഷൻ, ഇംഗ്ലീഷ്, ലോജിക്കൽ റീസണിങ് തുടങ്ങിയവ ഉൾകൊള്ളിച്ചു കൊണ്ടുള്ള പരിശീലന പരിപാടിയുടെ ഭാഗമായി ഐ. എ. എസ് /ഐ പി എസ് ഉദ്യോഗസ്ഥരുമായുള്ള സംവാദവും നടക്കും.
വ്യക്തിത്വ വികസന ക്ലാസുകൾ, ആത്മ വിശ്വാസം മെച്ചപ്പെടുത്താനുള്ള സെഷനുകൾ എന്നിവയും പരിശീലന പദ്ധതിയുടെ ഭാഗമാണ്.
സി. എൻ. എൻ ചേഞ്ച് മേക്കർ ഓഫ് ഇന്ത്യാ അവാർഡ് ജേതാവും, അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി ഡയറക്ടറുമായ ഡോ. ജോബിൻ എസ് കൊട്ടാരത്തിന്റെ നേതൃത്വത്തിലുള്ള ടീമാണ് 'ലക്ഷ്യ ' എന്ന് പേരിട്ടിരിക്കുന്ന ഈ പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്.
2035 ഓട് കൂടി ചങ്ങനാശ്ശേരയിൽ നിന്നും അമ്പതോളം സിവിൽ സർവീസ് ഉദ്യോഗസ്ഥരെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വിനു ജോബ് എം. എൽ. എ പറഞ്ഞു.






