തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ വിവാദ വിമാനയാത്രയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ വർദ്ധിക്കുന്നു. യാത്രയ്ക്കായി പണം മുടക്കിയത് തങ്ങളല്ലെന്നും, മറ്റൊരാളുടെ ആവശ്യപ്രകാരം ഹെലികോപ്റ്റർ ഒരുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ചിപ്സണ്‍ ഏവിയേഷന്റെ വിശദീകരണം.
എന്നാല്‍, യാത്ര സ്പോണ്സർ ചെയ്തത് ആരാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്കാൻ കമ്പനിയോ സർക്കാരോ തയ്യാറായിട്ടില്ല.
ഒരു മലയാളിയാണ് യാത്ര സ്പോണ്സർ ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലെന്ന് ആവർത്തിക്കുമ്പോഴും, ഈ ‘മലയാളി വ്യവസായി’ ആരാണെന്ന് വെളിപ്പെടുത്താത്തത് കടുത്ത വിമർശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മാധ്യമങ്ങള്‍ തുടർച്ചയായി ഈ ചോദ്യം ഉന്നയിച്ചിട്ടും, സ്പോണ്‍സറുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നത് സർക്കാരിന്റെ സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങള്‍ ബലപ്പെടുത്തുന്നു.
കർണാടകയിലെ കോണ്‍ഗ്രസ് നേതാവായ കെ.ജെ. ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനമാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഉപയോഗിച്ചത്. യാത്രയ്ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ ചിലവായിട്ടുണ്ടെന്ന് പുറത്തുവന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
മുൻ സർക്കാരിന്റെ കാലത്ത് സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തിരുന്നത് ചിപ്സണ്‍ ഏവിയേഷനില്‍ നിന്നായിരുന്നു. ഈ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് ചിപ്സണ്‍ ഏവിയേഷന്റെ പേര് ഉയർന്നുവരുന്നത്. ഇത് സർക്കാരിന്റെ നീക്കങ്ങളെ സംശയത്തിന്റെ നിഴലിലാക്കുന്നുവെന്നും, സ്പോണ്‍സറെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ ഔദാര്യം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിലെ യുക്തിയും വിമർശനവിധേയമാകുന്നുണ്ട്. ഭരണതലത്തിലെ ഇത്തരം ഇടപാടുകളില്‍ പൂർണ്ണമായ സുതാര്യത ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാണ്.






