കൊല്ലം : 50 കോടിരൂപയുടെ സാമ്പത്തിക തട്ടിപ്പില്‍ അറഫാ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി എൻഫോഴ്സ്മെന്റ് ഡയറകട്രേറ്റ്. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലത്തും, തിരുവനന്തപുരത്തും മൂന്നിടങ്ങളില്‍ ഇഡി പരിശോധന നടത്തി. യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയില്‍ നിന്ന് വായ്പയും ക്രഡിറ്റ് സൗകര്യവും ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ബാങ്കിന്റെ പരാതിയിലാണ് അന്വേഷണം.
17 കോടിയിലധിക രൂപയാണ് വായ്പയിലൂടെ തട്ടിയത്. കൊല്ലത്ത് അറഫാ ഗോള്‍ഡ് ഉടമ അബ്ദുള്‍ സലാമിന്റെ വീട്ടിലും തിരുവനന്തപുരത്തെ സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന നടന്നത്. 2022-ല്‍ ആഭരണ നിർമ്മാണ ആവശ്യങ്ങള്‍ക്കായി യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയില്‍ നിന്ന് കമ്പനി 17.5 കോടിയിലധികം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഇതിന്റെ ഈടായി നല്കിയ വസ്തുവകകളില്‍ തട്ടിപ്പ് കാണിച്ചതായും, ഇതേതുടർന്ന് ബാങ്കിന് ഏകദേശം 19.56 കോടി രൂപയുടെ ബാധ്യത വരുത്തിവെച്ചതായും ഇ.ഡി വ്യക്തമാക്കി.
സി.ബി.ഐ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഈ സംഭവത്തില്‍ കേസെടുത്തത്.അറഫ ഗോള്‍ഡിന്റെ ഉടമസ്ഥതയിലുള്ള പല ജ്വല്ലറി ഷോപ്പുകളും നിലവില്‍ പ്രവർത്തനം നിർത്തിവെച്ച അവസ്ഥയിലാണ്.






