ചെന്നൈ: കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് സമിതിയെ തമിഴ്നാട്ടിലെ വിജയ് സർക്കാർ പിരിച്ചുവിട്ടു.
ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗിക വിജ്ഞാപനമിറക്കി. കേന്ദ്ര - സംസ്ഥാന ബന്ധങ്ങള്‍ സംസ്ഥാന നിയമ കമ്മീഷന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും ഇതിനായി പ്രത്യേക സമിതിയുടെ ആവശ്യമില്ലെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
കേന്ദ്ര സർക്കാരുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരുന്ന 2025 ഏപ്രിലിലാണ് അന്നത്തെ സ്റ്റാലിൻ സർക്കാർ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്.
കേന്ദ്രത്തിലെ ബി ജെ പി സർക്കാരിനോട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് മൃദുസമീപനമാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് പുതിയ നടപടി.
സമിതി ആദ്യ ഘട്ട റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. നിർണായകമായ രണ്ടാമത്തെ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് സമിതി പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.






