ചെന്നൈ: തമിഴ്നാട്ടില്‍ സർക്കാർ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്.
ഈ ഇളവ് അടുത്ത അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിലുണ്ടാകും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവരുടെ നിവേദനം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പില്‍ അറിയിച്ചു. ഉത്തരവ് ഒക്ടോബർ 30 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഗ്രൂപ്പ് I സർവീസുകളില്‍ നിലവില്‍ ജനറല്‍ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ ഉയർന്ന പ്രായപരിധി 32 വയസ്സും സംവരണ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളുടേത് 37 വയസ്സുമാണ്. ഇളവ് വന്നതോടെ ഉയർന്ന പ്രായപരിധി യഥാക്രമം 37 ഉം 42 ഉം വയസ്സാകും. ഗ്രൂപ്പ് I തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികള്‍ക്ക് ജനറല്‍ വിഭാഗത്തില്‍ നിലവിലെ ഉയർന്ന പ്രായപരിധി 42 വയസ്സും സംവരണ വിഭാഗങ്ങള്‍ക്ക് 47 വയസ്സുമാണ്. ഇത് യഥാക്രമം 47 ഉം 52 ഉം വയസ്സായി വർദ്ധിക്കും.
ഗ്രൂപ്പ് II, ഗ്രൂപ്പ് II-A സർവീസുകളില്‍ ജനറല്‍ വിഭാഗ ഉദ്യോഗാർത്ഥികളുടെ നിലവിലെ ഉയർന്ന പ്രായപരിധി 30 വയസ്സാണ്. അത് 35 വയസ്സായി മാറും. ജനറല്‍ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 40 വയസ്സ് വരെയാണ് നിലവില്‍ അപേക്ഷിക്കാൻ കഴിയുക. ഇത് 45 വയസ്സായി ഉയർത്തി. ഈ സർവീസുകളില്‍ സംവരണ വിഭാഗത്തില്‍പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് ഉയർന്ന പ്രായപരിധിയില്ല.






