തിരുവനന്തപുരം: കായിക വകുപ്പില്‍ നിയമനം ലഭിച്ചതില്‍ പ്രതികരണവുമായി ഏഷ്യൻ ഗെയിംസ് ഇരട്ട മെഡല്‍ ജേതാവ് വിദർശ കെ വിനോദ്.
സർക്കാർ ജോലി ലഭിച്ചതില്‍ സന്തോഷമെന്നും കേരളത്തില്‍ ജോലി ചെയ്യുക എന്നുള്ളത് തുടക്കം മുതലുള്ള ആഗ്രഹമെന്നും വിദർശ പ്രതികരിച്ചു.
ഇന്ന് സെക്രട്ടറിയേറ്റില്‍ എത്തി ചുമതല ഏല്‍ക്കുമെന്നും വിദർശ വ്യക്തമാക്കി. കായിക വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് വിദർശയ്ക്ക് നിയമനം.
ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കുമെന്ന കായികമന്ത്രി ഒ ജെ ജനീഷിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിദർശയ്ക്ക് നിയമനം ലഭിക്കുന്നത്. ഇന്ന് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും. ഏഷ്യൻ ഗെയിംസില്‍ ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി വനിതാ താരമാണ് വിദർശ. കായിക മികവ് തെളിയിക്കുന്ന താരങ്ങള്‍ക്ക് നേരിട്ട് കായിക വകുപ്പില്‍ തൊഴില്‍ നല്‍കുന്നതിനുള്ള പ്രത്യേക നടപടികള്‍ സർക്കാർ സ്വീകരിക്കുമെന്നായിരുന്നു മന്ത്രി ഒ ജെ ജനീഷ് പ്രഖ്യാപിച്ചിരുന്നത്.
ഏഷ്യൻ ഗെയിംസില്‍ വനിതകളുടെ 10 മീറ്റർ എയർ റൈഫിള്‍ ടീം ഇനത്തിലും 50 മീറ്റർ റൈഫിള്‍ 3 പൊസിഷൻ ടീം ഇനത്തില്‍ വെള്ളി മെഡലും വിദർശ സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ഷൂട്ടിംഗ് ടീം അംഗമായ വിദർശ ലോക റാങ്കിംഗില്‍ 18-ാം സ്ഥാനത്തും ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുമാണ്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ.






