കോട്ടയം: വേണാടിലെ തിരക്കുകൾ പരിഹരിക്കാനായി വേണാടിലെ പരമ്പരാഗത കോച്ചുകൾക്ക് പകരം 220 സീറ്റുള്ള കോച്ചുകൾ അനുവദിച്ചെന്നത് തെറ്റായ പ്രചരണമാണെന്ന് യാത്രക്കാർ.
108 സീറ്റ് ഉണ്ടായിരുന്ന കോച്ചിന് പകരം ഇപ്പൊൾ നൽകിയിരിക്കുന്നത് 100 സീറ്റുകളുള്ള ദീൻ ദയാൽ കോച്ചുകളാണ്. കൂടുതൽ വായുസഞ്ചാരവും മധ്യഭാഗത്തുള്ള അധികഡോറുകളും കൂടുതൽ യാത്രക്കാർക്ക് വേഗത്തിൽ പ്രവേശിക്കാനും ഇറങ്ങാനും സൗകര്യമാകുമെന്നത് മാത്രമാണ് നേട്ടമാകുന്നത്.
എന്നാൽ മാധ്യമങ്ങളിലൂടെ റെയിൽവേ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ലിയോൺസ് ആരോപിച്ചു.
അഞ്ചടിയിലേറെ ഉയരുമുള്ള ലാഗേജ് റേക്കിൽ ഒരു കൂപ്പയിൽ പത്തുപേര് വീതം മുകളിൽ കയറി ഇരിക്കണമെന്നാണ് ഇതിലൂടെ പ്രഖ്യാപിച്ചത്. എന്നാൽ സാധാരണ സ്ലീപ്പർ കോച്ചിലുള്ളത് പോലെ ഇത്രയും ഉയരത്തിൽ കയറിപറ്റാൻ ചവിട്ടുപടികൾ ഈ കോച്ചിൽ ഇല്ല.
ലാഗേജ് വെയ്ക്കാൻ മാത്രമായി രൂപ കല്പന ചെയ്തിരിക്കുന്ന ഇതിനുമുകളിൽ ശരിക്കും കടന്നുകയറുകയെന്നത് വളരെ കായികാധ്വാനമുള്ള കാര്യമാണ്.
പുതിയ കോച്ചിൽ റെയിൽവേ അടയാളപ്പെടുത്തിരിക്കുന്നത് ഒന്നുമുതൽ 99 സീറ്റുകൾ മാത്രമാണ്. സത്യത്തിൽ സീറ്റുകളുടെ എണ്ണത്തിൽ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.
ലാഗേജ് റേക്കിൽ ആളുകൾ കയറുക അത്ര നിസ്സാരമല്ല, കയറി പറ്റിയാൽ കാലുകൾ നീട്ടി വെയ്ക്കാനോ താഴോട്ട് ഇടാനോ സാധ്യമല്ല. നീട്ടി വെച്ചാൽ മുകളിൽ നിന്നുള്ള ഫാനിന്റെ കാറ്റ് ലഭിക്കാതെ ചുവട്ടിൽ ഇരിക്കുന്ന യാത്രക്കാർ ശക്തമായ ചൂടിൽ വെന്തുരുകും.
മാധ്യമങ്ങളിലൂടെ റെയിൽവേ കോച്ചുകളുടെ ചിത്രങ്ങൾ സഹിതം നൽകിയ പ്രസ്താവനയിലൂടെ യാത്രക്കാരുടെ പ്രശ്നത്തെ നിസ്സാരവത്കരിക്കുകയാണ് ചെയ്തത്. ഡബിൾ ഡെക്കാർ സർവീസിൽ പോലും 220 പേർക്ക് ഇരിക്കാനുള്ള സൗകര്യം നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ ലാഗേജ് റേക്കുകൾ ചൂണ്ടിക്കാട്ടി നിസ്സഹായരായ വേണാടിലെ യാത്രക്കാരെ റെയിൽവേ പരിഹസിക്കുകയാണുണ്ടായത്.
മണ്ഡലകാലം ആരംഭിക്കുമ്പോൾ എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന ദീർഘദൂര സർവീസുകളിൽ ഇറങ്ങുന്നവരും വേണാടിലേയ്ക്ക് ഇടിച്ചുകയറുന്ന സാഹചര്യം ഉണ്ടാകും. അടിയന്തിരമായി വേണാടിലെ തിരക്കിന് പരിഹാരം കാണാൻ എല്ലാ ജനപ്രതിനിധികളും ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.






