കോട്ടയം: താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങിയതോടെ പാമ്പ് ശല്യം വ്യാപകമായി.
ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീട്ടിലെത്തുമ്പോഴാണ് പുതിയ പ്രതിസന്ധി.
വെള്ളപ്പൊക്കത്തിലെ അടിയൊഴുക്കില്‍പ്പെട്ട് വീടുകളിലും പരിസരങ്ങളിലും എത്തിയ വിഷപ്പാമ്പുകള്‍ ജനങ്ങള്‍ക്ക് വലിയ ഭീഷണിയാകുകയാണ്.
വെള്ളം കയറി ഉപേക്ഷിക്കപ്പെട്ട വീടുകളിലാണ് പാമ്പുകള്‍ വില്ലനാവുന്നത്.
പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് അധികവും പാമ്പ് ശല്യം ഉള്ളത്.
വെള്ളപ്പൊക്കമായാൽ തലയിണ വച്ച് കിടന്നാൽ തലയിണയ്ക്കടിയിൽ പാമ്പ് കയറി കൂടുന്ന അവസ്ഥയുണ്ടായിരുന്നു.
വെള്ളമിറങ്ങിയ ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങള്‍ക്കിടയിലാണ് പലരും പാമ്പുകളെ കണ്ട് പരിഭ്രാന്തരാകുന്നത്.
അണലി, മൂർഖൻ, ചേര തുടങ്ങിയ ഇനത്തില്‍പ്പെട്ട പാമ്പുകളെയാണ് വീടുകള്‍ക്കുള്ളില്‍ നിന്ന് വ്യാപകമായി കണ്ടെത്തുന്നത്.
വീടുകളില്‍ നിന്നും പാമ്പുകളെ കണ്ടെത്തിയാല്‍ പരിഭ്രാന്തരാകാതെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ 'സർപ്പ' ആപ്പ് വഴി സഹായം തേടാം.
ശുചീകരണത്തിനായി വീടുകളിലേക്ക് പ്രവേശിക്കുമ്പോള്‍ പൊതുജനങ്ങള്‍ മുൻകരുതലുകള്‍ നിർബന്ധമായും സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പും വനം വകുപ്പും മുന്നറിയിപ്പ് നല്കുന്നു.
ഇരുട്ടുള്ള മുറികളിലേക്കോ അടഞ്ഞുകിടക്കുന്ന വീടുകള്ക്കുള്ളിലേക്കോ വെളിച്ചമില്ലാതെ പ്രവേശിക്കരുത്.
ടോർച്ച് അല്ലെങ്കില്‍ മറ്റ് വെളിച്ച സംവിധാനങ്ങള്‍ ഉപയോഗിക്കുക.
നിലത്തു കിടക്കുന്ന വസ്ത്രങ്ങള്‍, അലമാരയ്ക്കടിയിലെ പെട്ടികള്‍, പാത്രങ്ങള്‍ എന്നിവ കൈകൊണ്ട് നേരിട്ട് എടുക്കാതെ നീളമുള്ള വടിയോ മറ്റോ ഉപയോഗിച്ച് തട്ടിനോക്കിയ ശേഷം മാത്രം കൈകാര്യം ചെയ്യുക.
വിറകുപുരകള്‍, തൊഴുത്തുകള്‍, വീട്ടുപറമ്പിലെ മാലിന്യക്കൂമ്പാരങ്ങള്‍ എന്നിവ വൃത്തിയാക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.
പാമ്പുകടിയേറ്റാല്‍ പരിഭ്രാന്തരാകാതെ ആ വ്യക്തിയെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിക്കുക.
ഇതോടൊപ്പം പ്രളയ ബാധിത പ്രദേശങ്ങളിലെ ആശുപത്രിയില്‍ ആൻ്റീ വെനം മരുന്നുകള്‍ എത്തിക്കാൻ ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്






