കോട്ടയം : നഗരമധ്യത്തിലെ വിവിധ ഭാഗങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടൊഴിയാതെ തുടരുകയാണ്. കോടിമത, ഈരയില്‍ക്കടവ് ബൈപാസ് റോഡ്, കോടിമത ബോട്ട് ജെട്ടി, നാലുവരിപ്പാതയ്ക്കു സമീപത്തെ ഇടറോഡുകള്‍ എന്നിവിടങ്ങളും വെള്ളത്തിലാണ്.
എംജി റോഡിന് സമീപമുള്ള തോട് നിറഞ്ഞു കവിഞ്ഞതോടെ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. കോടിമത പച്ചക്കറി മാര്‍ക്കറ്റിനു സമീപവും വെള്ളക്കെട്ട് രൂക്ഷമാണ്. വീടുകളും ആക്രിക്കടകളും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. പ്രദേശവാസികള്‍ക്കു മലിനജലത്തിലൂടെ നീന്തി വേണം വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും എത്തിച്ചേരാന്‍.
കൊടൂരാറ്റില്‍ നിന്നുള്ള കൈവഴിത്തോടായ ഇവിടെ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയും ഉയരുന്നു. കൊടൂരാര്‍ കരകവിഞ്ഞൊഴുകിയതോടെ കോടിമത പച്ചക്കറി മാര്‍ക്കറ്റിന്റെ ഒരു വശവും വെള്ളത്തിലായി. അതേസമയം, എംജി റോഡില്‍ അപകടഭീഷണി ഉയര്‍ത്തിയിരുന്ന തണല്‍മരം വെട്ടിമാറ്റിയെങ്കിലും തടികളും മറ്റ് അവശിഷ്ടങ്ങളും റോഡില്‍ കിടക്കുന്നത് ഗതാഗതത്തിന് അപകടസാധ്യത ഉയര്‍ത്തുന്നു. കോടിമത പാലത്തിനു താഴെയുള്ള പ്രദേശങ്ങളും സമീപത്തെ വ്യാപാരസ്ഥാപനങ്ങളും വീടുകളും വെള്ളത്താല്‍ ചുറ്റപ്പെട്ട നിലയിലാണ്.






