വൈക്കം : പൊട്ടിവീണ വൈദ്യുതകമ്പിയില്‍ നിന്ന് വിദ്യാര്‍ഥിനിക്ക് ഷോക്കേറ്റു. ഇടയാഴം കോണിത്തറ സ്വദേശിയായ രാജേഷിന്റെ മകൾ അരുന്ധതിക്കാണ് ഷോക്കേറ്റത്. അരുന്ധതി കോട്ടയം ഐസിഎച്ചില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
ഇന്നലെ രാവിലെ 8.30 നു വീടിന് സമീപമായിരുന്നു സംഭവം. ഇടയാഴം നീണ്ടുശേരി ക്ഷേത്രത്തിനു സമീപം വെള്ളം നിറഞ്ഞ നാട്ടുവഴി നീന്തി പത്രമെടുക്കാന്‍ പോകുന്നതിനിടയില്‍ അരുന്ധതി കാല്‍വഴുതി വീണു. തോടിനോടു ചേര്‍ന്നുള്ള ഇരുമ്പ് വേലിയില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിത്തം കിട്ടിയത് പൊട്ടിയ വൈദ്യുത കമ്പിയിലായതിനെത്തുടര്ന്ന് ഷോക്കറ്റ് കുട്ടിവെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഇതുകണ്ടെത്തിയ സമീപവാസിയായ ബിജുവും കുട്ടിയുടെ പിതാവ് രാജേഷും ഓല മടല് കൊണ്ടടിച്ച് കൈയില്‍നിന്ന് വൈദ്യുതി കമ്പി വേര്‍പ്പെടുത്തി. കൈയില്‍ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം ഐസിഎച്ചില്‍ പ്രവേശിപ്പിച്ചു.






