തിരുവനന്തപുരം: വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രമായിരുന്നുവെന്ന വിദ്യാസാഗർ ഗുരുമൂർത്തിയുടെ വാദത്തെ പിന്തുണച്ച് ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവ റാം.
വിദ്യാസാഗർ ഗുരുമൂർത്തി മുന്നോട്ടുവെച്ച വാദങ്ങള്‍ അടിസ്ഥാനരഹിതമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഭാർഗവ റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വിഷയത്തില്‍ ചരിത്രകാരന്മാരെ അണി നിരത്തി കൊണ്ടുള്ള ഒരു ഒരു തുറന്ന സംവാദമോ സെമിനാറോ സംഘടിപ്പിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു.
'വേലാർന്നകന്നിയും സിക്കല്‍ ശിങ്കാരവേലൻ ക്ഷേത്രവും' എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റില്‍ തമിഴ്നാട്ടിലെ സിക്കല്‍ ശിങ്കാരവേലൻ ക്ഷേത്രവും വേളാങ്കണ്ണിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു.
'സമീപകാലം വരെയും സിക്കല്‍ ശിങ്കാരവേല ക്ഷേത്രത്തിലേക്ക് പള്ളി പരിസരത്ത് നിന്നും വേല് എഴുന്നള്ളിപ്പ് ഉണ്ടായിരുന്നു. ശൂരപദ്മാസുരനെ വധിക്കാനുള്ള വേല് അനുഗ്രഹിച്ചു നല്കിയ ദേവീസങ്കല്പത്തില് ഉണ്ടായിരുന്ന ആരാധനാലയം പോർച്ചുഗീസ് ഇടപെടലില്‍ ആണ് ഇല്ലാതാക്കപ്പെട്ടതത്രെ.
പ്രസ്തുത ദേവീക്ഷേത്രം മത്സ്യതൊഴിലാളി സമുദായങ്ങളുടെ പരിപാലനത്തില്‍ ആയിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. സമാനമായി കേരളത്തിലും മുന്നൂറ്റിക്കാരുടെയും അഞ്ഞൂറ്റിക്കാരുടെയും എഴുനൂറ്റികാരുടെയും തീരദേശത്തെ ദേവീ ക്ഷേത്രങ്ങള്‍ ഇല്ലാതായി പോയിട്ടുണ്ട്.
തുമ്പോളി ദേവീ ക്ഷേത്രം, കൊക്കോതമംഗലം ദേവീ ക്ഷേത്രം തുടങ്ങിയവ ഉദാഹരണങ്ങളാണ്. കൊക്കോതമംഗലം എന്ന പേര് തന്നെ മാറ്റി കൊക്കമംഗലം ആയ സ്ഥിതി ആണിന്ന്. ആ പേര് മാറ്റം അത്ര നിഷ്കളങ്കമല്ലല്ലോ'-ഫേസ്ബുക്ക് പോസ്റ്റില്‍ ഭാര്‍ഗവ റാം പറയുന്നു.






