തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ധാതു നിക്ഷേപമുള്ള ഭൂമിക്ക് നികുതി, സെസ്, മറ്റ് ലെവികള്‍ എന്നിവ ചുമത്തുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കുന്നത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരത്തെ ബാധിക്കും. ധാതുസമ്പത്തുള്ള ഭൂമിയെ കൂടുതൽ കേന്ദ്രനിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരുന്നതിനും സംസ്ഥാനങ്ങൾക്ക് കുടിശ്ശികയായ നികുതികൾ ഈടാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഒഴിവാക്കുന്നതിനും ബില്ലിൽ വ്യവസ്ഥകളുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. ധാതുനിക്ഷേപം കൂടുതലുള്ള കേരളത്തെ ഇത്തരം വ്യവസ്ഥകൾ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബില്ലിലെ വ്യവസ്ഥകൾ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സംസ്ഥാനങ്ങളുടെ സാമ്പത്തികവും ഭരണഘടനാപരവുമായ അധികാരങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ നിയമത്തിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.






