തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസില്‍ ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശനും ചന്ദ്രശേഖരനും ആദ്യമായി ഒരേ വേദിയില്‍ ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിലാണ് ഇരുവരും വേദി പങ്കിട്ടത്. മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിനെ തുടർന്ന് നേരത്തെ മാറ്റിവെച്ച ഐഎൻടിയുസി സമ്മേളനത്തിന് പിന്നാലെയാണ് ഇരുവരും വീണ്ടും ഒരുമിച്ച് എത്തിയത്.
വേദിയില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ചാണ് ആർ ചന്ദ്രശേഖരൻ സംസാരിച്ചത്. ഊർജസ്വലനായ മുഖ്യമന്ത്രിയാണ് വി ഡി സതീശനെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻടിയുസിയുടെ തൊഴിലാളി പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലെന്നും താൻ മണിയടിക്കുന്ന ആളല്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഐഎൻടിയുസിയുടെ ബിഗ് സല്യൂട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കഴിഞ്ഞ സമ്മേളനത്തില്‍ പങ്കെടുക്കാൻ കഴിയാതിരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്നും 2100ലധികം പേർ പങ്കെടുത്ത പരിപാടിയായിരുന്നു അതെന്നും ചന്ദ്രശേഖരൻ പറഞ്ഞു. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് അന്ന് ഐഎൻടിയുസി പരിപാടിയില്‍ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. അന്ന് ഭക്ഷണം കഴിക്കാൻ പോലും സമയം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ യോഗം താൻ ആവശ്യപ്പെട്ടതാണെന്നും സംഘാടകർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് അറിയുന്ന ആളാണ് താനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വകാര്യവല്‍ക്കരണം സർക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സമ്പത്ത് ചോർത്തിയെടുക്കാൻ ആരെയും അനുവദിക്കില്ല. കെഎസ്ആർടിസിയെ സ്വതന്ത്രമായി നിലനിർത്താനാണ് ശ്രമം. പൊതുമേഖലാ സ്ഥാപനമെന്ന പേരില്‍ സമ്പത്ത് ഊറ്റിക്കുടിക്കാൻ അനുവദിക്കില്ലെന്നും സ്ഥാപനം മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ മേഖലകളില്‍ നിക്ഷേപം നടത്താൻ സ്വകാര്യ സംരംഭകർ മുന്നോട്ടുവരുന്നുണ്ടെന്നും അവരുമായി സർക്കാർ ചർച്ച നടത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ മേഖല വരണമെന്നും എന്നാല്‍ തൊഴിലാളികളുടെ അവകാശങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ടുള്ള സംരംഭങ്ങള്‍ വേണ്ടെന്നും തൊഴിലാളിയെയും പ്രകൃതിയെയും സംരക്ഷിക്കാത്ത പദ്ധതികളും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






