തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാന്‍ എന്‍ഡിആര്‍എഫ്, പൊലീസ് ഉള്‍പ്പടെയുള്ളവര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. അതേസമയം അതിശക്തമായ മഴയിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കനത്ത നാശം. 3 പേർ മരിച്ചു. അടൂർമലയിൽ ഉരുൾപൊട്ടി വീട്ടമ്മ മരിച്ചു. പയ്യാനിത്തോട്ടത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അമ്മയെ കാണാതായി. കോലാഹലമേട്ടിൽ മണ്ണിടിഞ്ഞ് 72 കാരനും മരിച്ചു.
പത്തനംതിട്ട റാന്നിയിൽ സ്ഥിതി അതീവഗുരുതരമാണ്. റോഡുകളെല്ലാം വെള്ളത്തിലാണ്. പമ്പയിൽ ജലനിരപ്പ് ഉയർന്നതോടെ ആശങ്കയാണ്. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. സ്ഥലത്തേക്ക് കൂടുതൽ ഡിങ്കി ബോട്ടുകളെത്തിക്കും. തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. അരയാഞ്ഞിലിമണ്ണ് കോസ് വേ പൂർണമായും മുങ്ങി. 400 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ട സ്ഥിതിയാണ്.






