കോട്ടയം: രാജ്യനിർമ്മാണത്തിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് (VBYLD) 2027ന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. 15 മുതൽ 29 വയസ് വരെ പ്രായമുള്ള യുവാക്കൾക്ക് പരിപാടിയിൽ പങ്കെടുക്കാം. ദേശീയതല സമാപന പരിപാടി 2027 ജനുവരി 10 മുതൽ 12 വരെ ന്യൂഡൽഹിയിൽ നടക്കും.
വികസിത് ഭാരത് @2047 എന്ന ലക്ഷ്യത്തിലേക്ക് യുവജനങ്ങളുടെ ആശയങ്ങളും നേതൃത്വശേഷിയും പ്രയോജനപ്പെടുത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. യുവജനങ്ങളുടെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം നേതൃത്വശേഷിയും വൈവിധ്യമാർന്ന കഴിവുകളും കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നു.
VBYLD 2027ൽ വികസിത് ഭാരത് ചലഞ്ച്, സാംസ്കാരികം, ഡിസൈൻ ഫോർ ഭാരത്, Hack for Social Cause, Youth Entrepreneurs Challenge, Youth Parliament എന്നിങ്ങനെ ആറ് പ്രധാന ട്രാക്കുകളാണുള്ളത്.
വികസിത് ഭാരത് ചലഞ്ചിൽ പങ്കെടുക്കുന്നവരുടെ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്. 2026 ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 30 വരെ ഓൺലൈനായി വികസിത് ഭാരത് ക്വിസ് നടക്കും. ക്വിസ് ഘട്ടത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 500 വാക്കുകളുള്ള ഉപന്യാസം MY Bharat പോർട്ടൽ വഴി സമർപ്പിക്കാം. ഉപന്യാസ മത്സരം ഒക്ടോബർ 5 മുതൽ 19 വരെ നടക്കും.
തുടർന്ന് ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 50 ഉപന്യാസങ്ങളെ അടിസ്ഥാനമാക്കി നവംബർ 10 മുതൽ 16 വരെ ജില്ലാ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും. ഓരോ ജില്ലയിൽ നിന്നും മികച്ച രണ്ട് അവതാരകർ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടും. സംസ്ഥാനതല VBYLD നവംബർ 17 മുതൽ ഡിസംബർ 7 വരെ നടക്കും.
സംസ്ഥാനതലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ VBYLDയിൽ പങ്കെടുക്കാനും വിദഗ്ധർ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആശയങ്ങൾ അവതരിപ്പിക്കാനും അവസരം ലഭിക്കും. മേഖലാ ഫൈനലിസ്റ്റുകൾക്ക് പ്രധാനമന്ത്രിയുടെ മുമ്പാകെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
VBYLD 2027ന്റെ രജിസ്ട്രേഷൻ, ക്വിസ്, ഉപന്യാസം ഉൾപ്പെടെയുള്ള വിവിധ ഘട്ടങ്ങൾ MY Bharat പോർട്ടൽ വഴിയാണ് നടക്കുന്നത്. ഇതിനകം MY Bharatൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
കോട്ടയം ജില്ലയിലെ യുവാക്കൾക്ക് വികസിത് ഭാരത് ക്വിസിൽ പങ്കെടുക്കാൻ റഫറൽ കോഡ്: DGTE9CKA ഉപയോഗിക്കാം.
കേരളത്തിലെ 15 മുതൽ 29 വയസ് വരെയുള്ള എല്ലാ യുവജനങ്ങളും VBYLD 2027ന്റെ അവസരം പരമാവധി പ്രയോജനപ്പെടുത്തി രാജ്യനിർമ്മാണത്തിന്റെ ഭാഗമാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.






