തിരുവനന്തപുരം: തുടർച്ചയായി വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കെത്തിച്ച ഒൻപതുകാരിയുടെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ഏകദേശം ഒരു കിലോഗ്രാം ഭാരമുള്ള തലമുടിക്കെട്ട്.
നിംസ് മെഡിസിറ്റിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ദഹനവ്യവസ്ഥയിൽ വലിയ തോതിൽ മുടി അടിഞ്ഞുകൂടിയതായി കണ്ടെത്തിയത്.
പീഡിയാട്രിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിജു ഐ.ജി. നായരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. വയറുവേദനയും ഛർദിയും തുടർച്ചയായതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അൾട്രാസൗണ്ട്, സി.ടി. സ്കാൻ തുടങ്ങിയ പരിശോധനകളിൽ കുടലിൽ ഗുരുതരമായ തടസ്സം രൂപപ്പെട്ടതായി വ്യക്തമായി. തുടർന്ന് നടത്തിയ എൻഡോസ്കോപ്പി പരിശോധനയിലാണ് ആമാശയത്തിലും ചെറുകുടലിലുമായി വൻതോതിൽ തലമുടി കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയത്. ‘റപുൻസൽ സിൻഡ്രോം’ എന്ന അപൂർവ രോഗാവസ്ഥയാണ് കുട്ടിക്ക് സ്ഥിരീകരിച്ചത്.
മാനസിക സമ്മർദം, അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങളാൽ ചില കുട്ടികൾ സ്വന്തം തലമുടി പറിച്ചെടുത്ത് വിഴുങ്ങുന്ന ശീലം കാണിക്കാറുണ്ട്. ഇത്തരത്തിൽ വിഴുങ്ങുന്ന മുടി ദഹിക്കാതെ ദീർഘകാലം ആമാശയത്തിൽ അടിഞ്ഞുകൂടുന്നതാണ് ‘ട്രൈക്കോബെസോർ’ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് ഡോ. ബിജു ഐ.ജി. നായർ പറഞ്ഞു. പിന്നീട് ഇത് കുടലിലേക്കും വ്യാപിച്ച് ഗുരുതരമായ തടസ്സം സൃഷ്ടിക്കാം.
സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് ആമാശയത്തിലും ചെറുകുടലിലുമായി അടിഞ്ഞുകൂടിയ മുടിക്കെട്ട് പൂർണമായും പുറത്തെടുത്തത്. ചികിത്സയ്ക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഇപ്പോൾ സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചുതുടങ്ങിയ കുട്ടി പൂർണസുഖം പ്രാപിച്ച് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങിയതായി ഡോക്ടർ അറിയിച്ചു.






