കൊച്ചി: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയില്‍.
പദ്ധതി പ്രദേശത്ത് അപകടസാധ്യതയുണ്ടെന്നും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അവിടെ നിന്നും നീക്കണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി അഞ്ച് തവണ ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയതായും, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായതായും അമിക്കസ് ക്യൂറി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
പരിസ്ഥിതി അനുമതി ഉണ്ടെന്ന വാദമുന്നയിച്ചാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിഷയത്തില്‍ ഇടപെടാതെ ഫയല്‍ മടക്കിയത്. ദുരന്തസാധ്യതയുള്ള ഏത് നിർമ്മാണവും പരിശോധിക്കാൻ കെഎസ്ഡിഎംഎ (KSDMA)ക്കുള്ള അധികാരത്തില്‍ നിന്ന് ഉദ്യോഗസ്ഥർ ഒഴിഞ്ഞ് മാറി.
സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ നിലപാട് ദുരന്തനിവാരണ നിയമത്തിന് വിരുദ്ധമാണെന്നാണ് അമിക്കസ് ക്യൂറി പറയുന്നത്. കരാർ കമ്പി നിക്കും പൊതുമരാമത്ത് വകുപ്പിനും വീഴ്ചയുണ്ടായെന്നും റിപ്പോർട്ട് പറയുന്നു. പൊതുമരാമത്ത് വകുപ്പുമായിട്ടാണ് പദ്ധതി കരാർ.
പദ്ധതിനിർവ്വഹണം നിയമം പാലിച്ചോ എന്നത് വകുപ്പ് പരിശോധിച്ചില്ല. കരാർ പ്രകാരം മണ്ണ് നീക്കം ചെയ്യാൻ നിശ്ചിത സ്ഥലം നിർദ്ദേശിച്ചതാണ്. എന്നാല്‍ കരാർ കമ്പനിയായ ദിലീപ് ബില്‍ഡ്കോണ്‍ അത് പാലിച്ചില്ല. തൊഴിലാളകുടെ സുരക്ഷയുടെ കാര്യത്തിലും ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.






