തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ എല്‍പിഎസ്ടി സമരസമിതി നേതാവ് എസ് വളർമതി ഐസിയുവില്‍ തുടരുന്നു.
വളർമതിയുടെ ശരീരത്തിലെ മഗ്നീഷ്യം, സോഡിയം, ഷുഗർ, ഗ്ലൂക്കോസ് എന്നിവയുടെ അളവ് കുറയുകയാണെന്നും നിരാഹാരം അവസാനിപ്പിച്ചില്ലെങ്കില്‍ അവസ്ഥ മോശമാകുമെന്നും ഡോക്ടേഴ്സ് അറിയിച്ചു
ജനറല്‍ ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐസിയുവിലാണ് വളർമതിയുള്ളത്. 21 ആം ദിവസവും വളർമതി നിരാഹാരം തുടരുകയാണ്. അതേസമയം വളർമതിയെ ഐസിയുവില്‍ നിന്ന് വാർഡിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ ശ്രമിച്ചുവെന്ന് റാങ്ക് ഹോള്‍ഡർമാർ ആരോപിച്ചു. സർക്കാർ ജീവൻ വച്ച് പന്താടുകയാണെന്നും സമരക്കാർ കുറ്റപ്പെടുത്തി. വളർമതിക്കൊപ്പം റാങ്ക് ഹോള്‍ഡർ ജയകൃഷ്ണനും നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്. റാങ്ക് ഹോള്‍ഡർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപിയുടെ റിലേ നിരാഹാര സമരവും നടക്കുന്നുണ്ട്.
എന്നാല്‍ വിദ്യാർത്ഥി- അധ്യാപക അനുപാതം കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടില്‍ തന്നെയാണ് സർക്കാർ. സമരപ്പന്തല്‍ പൊളിച്ചതിന് പിന്നാലെ ഉദ്യോഗാർഥികള്‍ക്ക് രാഷ്ട്രീയ പിന്തുണയേറുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും റാങ്ക് ഹോള്‍ഡർമാർ വ്യക്തമാക്കുന്നു.






