കോട്ടയം : വാഹനപരിശോധനയ്ക്കിടെ പൊലീസിന് നേരെ ബൈക്ക് ഇടിച്ചുകയറ്റി രക്ഷപ്പെടാൻ ശ്രമിച്ച കഞ്ചാവ് സംഘം പിടിയില്‍. വാകത്താനം തോട്ടയ്ക്കാട് ഭാഗത്തായിരുന്നു സംഭവം.
വാകത്താനം സ്വദേശികളായ വിനീത് വി.നായർ, അഭിജിത്ത് ആർ.നായർ എന്നിവരെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ യുവാക്കളോട് പൊലീസ് സംഘം നിറുത്താൻ ആവശ്യപ്പെട്ടു. എന്നാല്‍ അമിതവേഗത്തില്‍ കടന്നുപോകാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ ഹാൻഡിലില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. തുടർന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ ഇരുവരെയും ബലപ്രയോഗത്തിലൂടെ കീഴടക്കി. പരിശോധനയില്‍ മൂന്ന് പൊതി കഞ്ചാവ് കണ്ടെത്തി. പ്രദേശത്തെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സുഹൃത്തുക്കള്‍ക്ക് ഉപയോഗിക്കാനായി കൊച്ചിയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികളുടെ മൊഴി.






