വൈക്കം: കനത്ത മഴയെ തുടർന്ന് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട കാട്ടിത്തുരുത്തിൽ ചികിത്സ ആവശ്യമായ വയോധികന് അടിയന്തര രക്ഷയൊരുക്കി. ചെമ്പ് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ താമസിക്കുന്ന 82കാരനായ പങ്കജനാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കേണ്ടിവന്നത്.
സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് അവശനിലയിലായ വയോധികനെ കരയിലെത്തിക്കാൻ തുരുത്തിൽ നിന്ന് സാധാരണ വാഹനസൗകര്യം ലഭ്യമല്ലായിരുന്നു. വിവരം ലഭിച്ചതോടെ വാർഡ് മെമ്പർ എസ്. ജയപ്രകാശ് എം.എൽ.എ കെ. ബിനി മോനെ ബന്ധപ്പെട്ടു.
തുടർന്ന് എം.എൽ.എയുടെ ഇടപെടലിൽ ഫയർഫോഴ്സിന്റെ സഹായത്തോടെ ഡിങ്കി ബോട്ടിലാണ് പങ്കജനെ തുരുത്തിൽ നിന്ന് കരയിലെത്തിച്ചത്. തുടർന്ന് ഐ.സി.യു സൗകര്യമുള്ള ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തഹസിൽദാർ എസ്.കെ. ശ്രീകുമാർ, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി, നഗരസഭാ കൗൺസിലർ വി. അനൂപ്, വാർഡ് മെമ്പർ മോനു ഹരിദാസ്, ജി.ആർ. സന്തോഷ്, കെ.എസ്. നാരായണൻ നായർ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മഴ ശക്തമാകുമ്പോൾ ഏനാദികാട്ടിത്തുരുത്ത് നിവാസികൾ നേരിടുന്ന യാത്രാ-അടിയന്തര ചികിത്സാ പ്രതിസന്ധിയും സംഭവത്തോടെ വീണ്ടും ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്.






