വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമിയുടെ മുന്നോടിയായി സമൂഹങ്ങള്‍ നടത്തി വരുന്ന സന്ധ്യവേല ആരംഭിച്ചു.വൈക്കം സമൂഹമാണ് ആദ്യ സന്ധ്യവേല നടത്തുന്നത്.
സന്ധ്യ വേലയുടെ ഭാഗമായി രാവിലെയും വൈകിട്ടും നടന്ന എഴുന്നള്ളിപ്പിന് ഗജവീരന് അക്കാവിള വിഷ്ണു നാരായണന് വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് ശിരസിലേറ്റി. വൈക്കം ഹരിഹരയ്യരുടെ നാദസ്വരവും ക്ഷേത്ര കലാപീഠത്തിന്റെ മേളവും അകമ്പടിയായി.
കന്നഡ - തെലുങ്ക് സമൂഹത്തിന്റെ സന്ധ്യാവേല നാളെ
വൈക്കത്തഷ്ടമിയ ഉത്സവത്തിന്റെ മുന്നോടിയായി കന്നഡ - തെലുങ്ക് സമൂഹം നടത്തി വരുന്ന സന്ധ്യ വേല നാളെ നടക്കും. ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രത്തില്‍ അഷ്ടാഭിഷേകം, ആയിരക്കുടം, ക്ഷീരധാര തുടങ്ങിയ വഴിപാടുകളും നടത്തുന്നതാണ്. വൈകിട്ട് 6.30 ന് ക്ഷേത്ര ബലിക്കല്പുരയില് വെള്ള പട്ടു വിരിച്ച് ശേഷം ഒറ്റപ്പണ സമര്‍പ്പണവും നടക്കും.
സമര്‍പ്പണത്തിന് ശേഷം പണം കിഴിയാക്കി തല ചുമടായി എടുത്ത് വേദ മന്ത്രജപങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴിപ്പണം ദേവസ്വത്തിന് കൈമാറും. സമര്‍പ്പിച്ച കിഴിപ്പണത്തില് നിന്നും സമൂഹം ഭാരവാഹികള്‍ ഒരു പണം എടുത്ത് കിഴിയാക്കി സൂക്ഷിക്കും. ഇത് അടുത്ത സന്ധ്യ വേലയുടെ പ്രാരംഭ ചടങ്ങുകള്‍ക്കായി ഉപയോഗിക്കും. ചടങ്ങുകള്‍ക്ക് പ്രസിഡണ്ട് എം. നീലകണ്ഠന്, സെക്രട്ടറി എന്‍. മഹാദേവന് എന്നിവര്‍ നേതൃത്വം നല്‍കും .






