എരുമേലി: മണ്ഡലകാല തീര്‍ഥാടനത്തിന് ശബരിമല ഒരുങ്ങി. ഇന്ന് വൈകിട്ട് നട തുറക്കുന്നതോടെ തീര്‍ഥാടനകാലത്തിന് തുടക്കമാകും.
തിരക്ക് നിയന്ത്രണം, ഗതാഗതം, ശുചിത്വം എന്നിവയ്ക്കായി വിപുലമായ ക്രമീകരണങ്ങളാണ് സന്നിധാനത്തും പാതകളിലും പൂര്‍ത്തിയാകുന്നത്.
ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറക്കും. പിന്നാലെ അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയെ ശബരിമലയിലും എ ദാമോദരന്‍ നമ്പൂതിരിയെ മാളികപ്പുറത്തും മേല്‍ശാന്തിമാരായി അവരോധിക്കും.
വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ നട തുറക്കും. തിരക്ക് നിയന്ത്രിക്കാന്‍ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് തീര്‍ഥാടകരെ കടത്തിവിടുക നാളെ ഉച്ചയ്ക്ക് 12ന് ശേഷം മാത്രമായിരിക്കും. പതിനെട്ടാംപടിയില്‍ മിനിറ്റില്‍ 75 തീര്‍ഥാടകരെ കയറ്റുകയാണ് ലക്ഷ്യം.
തീര്‍ത്ഥാടന പാതകളിലും പ്രധാന ഇടത്താവളങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ആറു ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് 3.36 കോടി രൂപയുടെ പ്രത്യേക ഗ്രാന്റായി സര്‍ക്കാര്‍ അനുവദിച്ചു. മാലിന്യസംസ്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി നാല് ഭാഷകളില്‍ 'നിര്‍മലം ശബരിമല' ബോധവത്കരണ ക്യാംപയിനും തുടങ്ങി.
553 കോടി രൂപയുടെ ശബരിമല വികസന പാക്കേജിനും അംഗീകാരമായിട്ടുണ്ട്. ചാലക്കയം-പമ്പ റോഡ് നവീകരണം പൂര്‍ത്തിയായി. നവീകരിച്ച റോഡ് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ദിവസേന പരമാവധി 80,000 തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താം. 66,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയും 14,000 പേര്‍ക്ക് സ്പോട്ട് ബുക്കിങ് വഴിയുമാണ് പ്രവേശനം. നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിങ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പമ്പയില്‍ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ല.






