വൈക്കം: വൈക്കം- വെച്ചൂർ റോഡിലെ തോട്ടുവക്കം പാലത്തിനു മുൻവശത്തുണ്ടായിരുന്ന ഹംബിൽ
തട്ടി ഇരുചക്ര വാഹന യാത്രികർ വീണ് പരിക്കേൽക്കുന്നത് പതിവായതോടെ വാർഡ് കൗൺസിലർ എം.ആർ. അനിൽകുമാർ
ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സഹായത്തോടെ മാഞ്ഞുപോയ സീബ്രാ ലൈൻ വെള്ള ചായം പൂശി വരച്ചിട്ടു.
തിരക്കേറിയ ജംഗ്ഷനിലെ ഏറെ ഉയർത്തിയിട്ട ഈ ഹംബിലെ സീബ്രാ ലൈൻ മാഞ്ഞതോടെ വളരെ വേഗത്തിൽ എത്തുന്ന
ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവരും ഇരുചക്ര വാഹനത്തിന്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്നവരും വീണ് പരിക്കേൽക്കുന്നത് പതിവായിരുന്നു.
ദിവസം മൂന്നു ഇരുചക്ര വാഹന യാത്രികരെവരെ തങ്ങൾ ആശുപത്രിയിലെത്തിക്കാറൂണ്ടെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു.
അപകടം തുടർക്കഥയായതോടെ സീബ്രാലൈൻ പുനഃസ്ഥാപിക്കുന്ന കാര്യം പിഡബ്ല്യുഡി
അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും എസ്റ്റിമേറ്റ് എടുത്ത് തുടർനടപടി പൂർത്തിയാക്കാൻ കാലതാമസം വരുമെന്ന് അധികൃതർ അറിയിച്ചു.
വൈക്കത്തഷ്ടമി ഉത്സവ തിരക്കേറിയതോടെ വാഹന ഗതാഗതം പതിൻമടങ്ങ് വർധിച്ചു.






