ഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ റീകോമ്പിനന്റ് മള്‍ട്ടി-സ്റ്റേജ് മലേറിയ പ്രതിരോധ വാക്സിൻ അഡ്ഫാല്‍സിവാക്സ് (AdFalciVac) വൈകാതെയെത്തും.
നിലവില്‍ ലഭ്യമായ രണ്ട് മലേറിയ വാക്സിനുകളെക്കാളും ശേഷിയുള്ളതാണ് ഇതെന്ന്,വാക്സിൻ വികസിപ്പിക്കുന്ന ഭുവനേശ്വറിലെ, ഐസിഎംആർ - എഐഎച്ച്ആർ ഡയറക്ടർ ഡോ. സംഘമിത്ര പതി പറഞ്ഞു. തിരുവനന്തപുരം പ്രെസ്സ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമപഠന യാത്രയുടെ ഭാഗമായി ഒഡിഷയില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡോ സംഘമിത്ര. പ്രീക്ലിനിക്കല്‍ സ്റ്റേജില്‍ മികച്ച ഫലങ്ങളാണ് ലഭിച്ചത്. മലേറിയയുടെ ഏറ്റവും ഗുരുതര വകഭേദമുണ്ടാക്കുന്ന പ്ലാസ്മോഡിയം ഫാല്‍സിപ്പറമിന്റെ രണ്ട് ഘട്ടങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് വാക്സിൻ.
ദീർഘകാല പ്രതിരോധവും സാധാരണ താപനിലയില്‍ ഒൻപത് മാസം വരെ സൂക്ഷിക്കാമെന്നതും പ്രത്യേകതയാണ്. ചെലവ് കുറഞ്ഞ നിർമാണരീതിയാണ് അവലംബിക്കുന്നത്. രാജ്യത്തിന്റെ മലേറിയ പ്രതിരോധത്തില്‍ നിർണായക ഏടായിരിക്കും 'സ്വന്തം വാക്സിൻ ' എന്നും ഡോ. സംഘമിത്ര പതി പറഞ്ഞു. ഐസിഎംആർ- നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിസർച്ച്, ഭുവനേശ്വർ (ICMR-NIHRBB, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ച് (ICMR-NIMR) എന്നിവ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി-നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയുമായി ചേർന്നാണ് വാക്സിൻ വികസിപ്പിക്കുന്നത്. കോവിഡ്, നിപ കേസുകള്‍ കണ്ടെത്തുന്നതില്‍ കേരളത്തിലെ സംവിധാനങ്ങളുടെ മികവിനെ ഡോ. സംഘമിത്ര പതി പ്രശംസിച്ചു.
ഇക്കാര്യത്തില്‍ ആലപ്പുഴയിലെ ഐസിഎംആർ-എൻഐവി യൂണിറ്റിന്റെ സംഭാവനയും അവർ എടുത്തുപറഞ്ഞു. കേരളത്തിലെ വയനാട് ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളില്‍ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന ഭാരത് ട്രൈബല്‍ ഫാമിലി ഹെല്‍ത്ത് സർവേയെക്കുറിച്ചും അവർ വിശദീകരിച്ചു. പരിപാടിക്കിടെ ഡോ. ദേബ്ദത്ത ഭട്ടാചാര്യ സ്ഥാപനത്തിന്റെ പ്രധാന നേട്ടങ്ങള്‍ അവതരിപ്പിച്ചു. ഡോ. സുമൻ സുന്ദർ മൊഹന്തി, ഡോ. സുബേന്ദു കുമാർ ആചാര്യ, ഡോ. ശ്രീകാന്ത കനുങ്കോ എന്നിവരടക്കമുള്ള ശാസ്ത്രജ്ഞരും മാധ്യമസംഘവുമായി സംവദിച്ചു. തുടർന്ന് സംഘം സ്ഥാപനത്തിലെ അത്യാധുനിക ലബോറട്ടറികളും ഗവേഷണ സൗകര്യങ്ങളും സന്ദർശിച്ചു.






